വനിതാ ജഡ്ജിയ്ക്ക് ഭീഷണി; ഇമ്രാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

വനിതാ ജഡ്ജിയ്ക്ക് ഭീഷണി; ഇമ്രാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യുമെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇമ്രാനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഓഗസ്റ്റ് 20 ന് എഫ്9 പാര്‍ക്കില്‍ നടന്ന റാലിക്കിടെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സേബാ ചൗധരിയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാനെതിരായ കേസ്. കേസില്‍ വിചാരണയ്ക്കായി ഹാജരാകണമെന്ന് ഇമ്രാനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് ഇമ്രാന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വീഡിയോ കോള്‍ വഴി കോടതി നടപടികളുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജഡ്ജി റാണാ മുജാഹിദ് റഹീം ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. നിലവില്‍ രണ്ട് കോടതികളില്‍ നിന്നുള്ള ജാമ്യമില്ലാ വാറണ്ടുകളാണ് ഇമ്രാന്റെ പേരിലുള്ളത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം ലാഹോറിലെ വസതിക്കു സമീപം എത്തിയിരുന്നെങ്കിലും പാര്‍ട്ടി അനുയായികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നു.

ഇമ്രാന്‍ ഖാന്‍ വസതിയിലില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് മടങ്ങിയത്. ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്ന് വിവരം ലഭിച്ചതോടെ ആയിരക്കണക്കിന് അനുയായികള്‍ റാലിയുമായി തെരുവിലിറങ്ങുകയായിരുന്നു. ലാഹോര്‍ സമന്‍ പാര്‍ക്കിലെ വസതിയില്‍ നിന്ന് തുടങ്ങിയ ജാഥ അഞ്ചരയ്ക്ക് അവസാനിപ്പിക്കണമെന്ന് പൊലീസ് നിര്‍ദേശവും ഇവര്‍ പാലിച്ചില്ല.

എന്നാല്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മുന്‍ ജനറല്‍ ബാജ്വയെയും വിമര്‍ശിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. വീടിനു മുന്നില്‍ വെച്ചുതന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു. തന്നെ സംരക്ഷിക്കേണ്ടവരില്‍ നിന്നു തന്നെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആക്ഷേപവും ഇമ്രാന്‍ ഉയര്‍ത്തിയിരുന്നു.

തോഷാഖാന കേസുമായി ബന്ധപ്പെട്ടാണ് മുമ്പ് കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തനിക്ക് ലഭിച്ച വിദേശ ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണില്‍ നിന്നും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.