തിരുവനന്തപുരം: കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ച സംഭവം നിയമസഭയില്‍. ബ്രഹ്മപുരം വിഷയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൗണ്‍സിലര്‍മാരെയാണ് മര്‍ദിച്ചത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
ആദ്യ സബ്മീഷനായി പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കളെ വരെ പൊലീസ് ക്രൂരമായി മര്‍ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമായതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
അതേസമയം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതാണെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന് സ്പീക്കറും വ്യക്തമാക്കിയതോടെ പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു.
ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോര്‍പറേഷനില്‍ ഇന്നലെയാണ് സംഘര്‍ഷം ഉണ്ടായത്. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ കോര്‍പറേഷനില്‍ എത്തിയത്.
കോര്‍പറേഷന്‍ യോഗത്തില്‍ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.