ബ്രഹ്മപുരം തീപിടിത്തം: വിശദമായ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; പ്രത്യേക സമിതിയെ നിയോഗിച്ചു

ബ്രഹ്മപുരം തീപിടിത്തം: വിശദമായ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; പ്രത്യേക സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. ബ്രഹ്മപുരം കരാര്‍ സംബന്ധിച്ച വിവാദം വിജിലന്‍സ് അന്വേഷിക്കും. പ്ലാന്റിന്റെ തുടക്കം മുതലുള്ള കാര്യങ്ങളാകും വിജിലന്‍സ് അന്വേഷിക്കുക.
തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോര്‍പ്പറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയില്‍ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകള്‍ തേടിയെന്നും എന്നാല്‍ പ്രായോഗികമല്ലാത്തതിനാല്‍ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും.

അതേസമയം, വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളും കണ്‍ട്രോണ്‍ റൂമുകളും സജ്ജമാക്കി, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കി, പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. തീ അണച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13 ന് പൂര്‍ണമായും അണച്ചു. വിവിധ ഏജന്‍സികളും ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്‌നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.