തിരുവനന്തപുരം: കേരളത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസി സമൂഹങ്ങള്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ പുരോഗതി നേടിയെന്ന് പഠന റിപ്പോര്‍ട്ട്.
സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ മുന്‍ ഡയറക്ടറുമായ ഡി. നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തെക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ബിരുദധാരികളുടെ എണ്ണത്തിലും തൊഴില്‍പരമായ കുടിയേറ്റത്തിന്റെ കാര്യത്തിലും വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെന്നാണ് പഠനഫലം വ്യക്തമാക്കുന്നത്.
ദക്ഷിണ കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷണറിമാരാണ് ഈ നേട്ടത്തിന്റെ പിന്നിലെ കാരണമായി നാരായണ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം, ഹിന്ദു മതത്തില്‍ തുടരുന്ന ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു മത്സര മനോഭാവം വളര്‍ത്തുന്നതിനും കാരണമായിട്ടുണ്ടെന്ന് നാരായണയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയ വിഭാഗത്തെ ഉദാഹരണമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ബ്രിട്ടീഷ് മിഷണറിയായ ഹെന്റി ബേക്കേഴ്‌സിന്റെ സന്ദര്‍ശനമാണ് തെക്കന്‍ കേരളത്തിലെ മലയരയ സമൂഹത്തിന്റെ തലവര മാറ്റി എഴുതിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈറേഞ്ചില്‍ അദേഹം 11 ദേവാലയങ്ങളും 27 സ്‌കൂളുകളും സ്ഥാപിച്ചു. ഇവരുടെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയില്‍ ക്രിസ്ത്യന്‍ സഭ നിര്‍ണായക പങ്കു വഹിക്കുമ്പോള്‍ മലയരയ സമൂഹത്തിലെ ഹിന്ദു വിഭാഗമായ മലയരയ മഹാസഭ തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരങ്ങളുമായി കടുത്ത മത്സരത്തിലാണ്.
ഇത് പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ ജില്ലകളിലെ ഉള്ളാടരും സമാനമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
തെക്കന്‍ കേരളത്തിലെ ആദിവാസി ജന സംഖ്യയിലെ 20.77 ശതമാനവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇതില്‍ 30 ശതമാനവും തൊഴിലുമായി ബന്ധപ്പെട്ട് നഗര പ്രദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തിലെ ജില്ലകളിലെ ആദിവാസി സമൂഹങ്ങളില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്.
വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ളത് കാസര്‍ഗോഡ് ജില്ലയിലെ കൊറഗറാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊറഗരില്‍ 16.50 ശതമാനവും ക്രൈസ്തവരാണെന്നാണ് പഠനത്തില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.