ഇസ്ലാമാബാദ്: പാകിസ്ഥാനിലെ 67 ശതമാനം യുവാക്കളും സ്വന്തം രാജ്യത്തെ ജീവിതം മടുത്തതായി സര്‍വേ റിപ്പോര്‍ട്ട്. ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
അനുദിനം അസ്ഥിരതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുന്ന പാകിസ്ഥാനില്‍ നിന്നും മികച്ച അവസരങ്ങള്‍ തേടി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പാകിസ്ഥാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് ഡെവലപ്മെന്റ് ഇക്കണോമിക്‌സ് (പിഐഡിഇ) യുവാക്കളില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
പാകിസ്ഥാനില്‍ ദാരിദ്രത്തിനൊപ്പം തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. വിദ്യാസമ്പന്നരായ 31 ശതമാനം യുവാക്കള്‍ക്കും ഇവിടെ തൊഴില്‍ ലഭിക്കുന്നില്ല. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഇക്കോണ്‍ഫെസ്റ്റ് സംവാദ പരിപാടിയില്‍ പിഐഡിഇ സീനിയര്‍ റിസര്‍ച്ച് ഇക്കണോമിസ്റ്റ് ഡോ ഫഹീം ജഹാംഗീര്‍ ഖാനാണ് സര്‍വേ ഫലങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ സംസാരിച്ച വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
പാക് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ രാജ്യത്ത് 200 ലധികം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദം നേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ജോലി ലഭിക്കുന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ്. ജോലിക്ക് വേണ്ടി കാത്തിരിക്കാതെ സ്വയം സംരംഭകത്വത്തിലേക്ക് തിരിയുകയാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പതിനഞ്ചു മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ നടത്തിയ സര്‍വേയിലാണ് പാകിസ്ഥാന്‍ വിടാനുള്ള ആഗ്രഹം 67 ശതമാനം പേര്‍ പങ്കുവച്ചത്. സാമ്പത്തിക കാരണങ്ങളാണ് രാജ്യം വിടുന്നതിനുള്ള പ്രധാന കാരണമായി യുവാക്കള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.