തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചിലും കൊച്ചിയില്‍ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഉപരോധ സമരത്തിലും സംഘര്‍ഷം. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കമ്പും കല്ലും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമം നടന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ക്യാമറ ഉള്‍പ്പെടെ പിടിച്ചു തള്ളി.
മഹിളാ കോണ്‍ഗ്രസും നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വാഴപ്പിണ്ടിയും മന്ത്രി മുഹമ്മദ് റിയാസിന്റെ കോലവും ഏന്തിയായിരുന്നു പ്രതിഷേധം. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ കോലവും കത്തിച്ചു.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി കോര്‍പറേഷന് മുന്നില്‍ നടത്തിയ സമരത്തിനിടെ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. കോര്‍പറേഷന്‍ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. സുഭാഷ് പാര്‍ക്കിനകത്ത് വെച്ചാണ് മര്‍ദ്ദിച്ചത്.
ഓഫീസില്‍ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പൊലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.
കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവര്‍സിയര്‍ സുരേഷിനും ഹെല്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ വിജയകുമാറിനും മര്‍ദ്ദനമേറ്റു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ അസഭ്യം വിളിച്ചും മര്‍ദ്ദിച്ച് ഓടിച്ച ശേഷം ഉച്ചയോടെയാണ് മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്.
ബ്രഹ്മപുരം തീപിടിത്ത വിഷയവുമായി ബന്ധപ്പെട്ട് സോണ്‍ട കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടും, ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞ് പൊലീസ് തല്ലിച്ചതച്ചിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.