സ്യോള്‍: ദക്ഷിണ കൊറിയ - ജപ്പാന്‍ നേതാക്കളുടെ സുപ്രധാന ഉച്ചകോടിക്ക് മണിക്കൂറുകള്‍ക്കു മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം) പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈല്‍ ഇന്ന് രാവിലെ ഏകദേശം 1,000 കിലോമീറ്റര്‍ സഞ്ചരിച്ച് വടക്കന്‍ ജപ്പാനില്‍ കടലില്‍ പതിച്ചതായി ജപ്പാനും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന നാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. നേരത്തെ പരീക്ഷിച്ചത് ഹ്രസ്വദൂര മിസൈലുകളായിരുന്നു.
നിലവില്‍ കൊറിയന്‍ ഉപദ്വീപിന് ചുറ്റുമായി അമേരിക്ക - ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസം നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ നാവികാഭ്യാസമാണിത്. ഇത് പ്രകോപനമാണെന്ന് ഉത്തര കൊറിയ നിരന്തരം പറഞ്ഞിരുന്നു.
ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ പ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജപ്പാന്‍ അറിയിച്ചു. അതേസമയം സൈനികാഭ്യാസം യാതൊരു മാറ്റങ്ങളുമില്ലാതെ തുടരുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. 2022 ല്‍ മാത്രം ഉത്തര കൊറിയ 90 മിസൈലുകള്‍ വിക്ഷേപിച്ചതായാണ് കണക്കുകള്‍. ഫെബ്രുവരി 18 നാണ് അവസാനമായി ഒരു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന നാലാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമാണ് ഇത്.
അതേസമയം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയയും ജപ്പാനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ടോക്കിയോയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തുന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാകും എന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ക്രമാതീതമായി വര്‍ധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്കിയോ ചര്‍ച്ചയിലെ ഒരു പ്രധാനവിഷയം. ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ നയത്തിലും സൈനിക സഹകരണത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.