കൊച്ചി: ടിടിഇ ആയി ചമഞ്ഞ് മദ്യലഹരിയില്‍ യാത്രക്കാരില്‍ നിന്നു പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ പിടിയില്‍. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു.
മലബാര്‍ എക്സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വെച്ചായിരുന്നു യാത്രക്കാരില്‍ നിന്നും ഇയാള്‍ പിഴ ഈടാക്കിയത്. ആലുവയില്‍ വെച്ച് ഇയാളെ യഥാര്‍ഥ ടിടിഇ ഗിരീഷ് കുമാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി റെയില്‍വേ കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനാണെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ഡിവിഷന്‍ കാറ്ററിങ് സര്‍വീസിന്റെ ടാഗ് ധരിച്ച ഇയാള്‍ ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. കോച്ചില്‍ ടിടിഇ ആയി ചമഞ്ഞ് ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്ത മൂന്നു പേരെ പിടികൂടുകയും ഇവരില്‍ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നല്‍കുന്നതിന് പകരം അവരുടെ ടിക്കറ്റുകളില്‍ തുക എഴുതി ഒപ്പിട്ടു നല്‍കുകയായിരുന്നു.
ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസല്‍ എസി കോച്ചില്‍ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാര്‍ഥ ടിടിഇയുടെ പിടിയിലായത്. അതോടെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാര്‍ ടിടിഇയെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചത്.
തിരുവനന്തപുരം ഡിവിഷന്‍ എന്ന ടാഗ് ധരിച്ചതിനാല്‍ അദ്ദേഹം ടിടിഇ ആണെന്നാണ് യാത്രക്കാര്‍ കരുതിയത്. നേരത്തെ യുവാവ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.