വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ചൈനീസ് ആപ്പായ ടിക്‌ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് ടിക്‌ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ നേരത്തെ ടിക്‌ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ടിക്‌ടോക് നിരോധിക്കും എന്നാണ് പാര്‍ലമെന്ററി സര്‍വീസ് ന്യൂസിലന്‍ഡിലെ എം.പിമാരെ അറിയിച്ചത്.
ടിക്‌ടോക്ക് ഉപഭോക്തൃ ഡാറ്റ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തുമെന്ന കാരണം പറഞ്ഞാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍, മാര്‍ച്ച് 31ന് അവരുടെ കോര്‍പ്പറേറ്റ് ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം, നിരോധനം പാര്‍ലമെന്ററി സമുച്ചയത്തിലെ ഏകദേശം 500 പേര്‍ക്ക് മാത്രമേ ബാധകമാകൂ. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമല്ല.
തന്റെ ഫോണില്‍ ടിക്‌ടോക് ഇല്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് വ്യക്തമാക്കി.
ബ്രിട്ടണിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സര്‍ക്കാര്‍ ഫോണുകളില്‍ നിന്ന് ടിക്‌ടോക് നിരോധിക്കണമോ എന്ന് പരിശോധിച്ചു വരികയാണ്. കാനഡ, ബെല്‍ജിയം, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവ നേരത്തെ തന്നെ ആപ്പ് നിരോധിച്ചിരുന്നു. സൈബര്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങള്‍ ആപ്പ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. യുവാക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ടിക്‌ടോക് ലോകത്തിലെ ഏറ്റവും വിജയകരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ്. യു.എസില്‍ മാത്രം 100 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക്‌ടോക്കിനുള്ളത്. ടിക്‌ടോക്കിന്റെ യു.എസ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ടിക്‌ടോക്കിനെയും മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിനെയും ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ ടിക്‌ടോക് നിഷേധിച്ചുവരികയാണ്. യു.എസിനെതിരെ രൂക്ഷ പ്രതികരണവുമായി ചൈന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ടിക്‌ടോക്കിനെ തകര്‍ക്കാര്‍ യു.എസ് നീക്കയെന്നാണ് ചൈന പ്രതികരിച്ചത്. തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷനായ ടിക്‌ടോക്കിനെ അമേരിക്ക തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചൈന പറയുന്നത്. ടിക്‌ടോക്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ കമ്പനിയുടെ ചൈനീസ് ഉടമകളോട് അമേരിക്കന്‍ ഭരണകൂടം ആഹ്വാനം ചെയ്‌തെന്ന വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ചൈനയുടെ പ്രതികരണം.
ദേശീയ സുരക്ഷയ്ക്ക് ടിക്‌ടോക് ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞിട്ടില്ല. ദേശീയ സുരക്ഷയുടെ പേരില്‍ വിദേശകമ്പനികളെ തകര്‍ക്കുന്ന സമീപനമാണ് യു.എസ് സ്വീകരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ അമേരിക്ക അവസാനിപ്പിക്കണം. വിദേശകമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.