സിംഗപ്പൂര്‍: പ്രായാധിക്യത്താല്‍ കണ്ണുകള്‍ക്ക് തിമിരം ബാധിച്ച ആറ് പെന്‍ഗ്വിനുകള്‍ക്ക് വിജയകരമായ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സിംഗപ്പൂരിലെ പക്ഷികളുടെ പാര്‍ക്ക്. കിംഗ് പെന്‍ഗ്വിനുകള്‍ക്കും ഹംബോള്‍ട്ട് പെന്‍ഗ്വിനുകള്‍ക്കുമാണ് തിമിര ശസ്ത്രക്രിയയിലൂടെ പുതിയ ലെന്‍സ് ഘടിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് പെന്‍ഗ്വിനുകള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നത്.
രണ്ട് മാസം മുന്‍പാണ് പെന്‍ഗ്വിനുകള്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സിംഗപ്പൂരിലെ ജുറോംഗ് ബേര്‍ഡ് പാര്‍ക്കില്‍ താമസിക്കുന്ന, 20 വയസും അതില്‍ കൂടുതലുമുള്ള മൂന്ന് കിംഗ് പെന്‍ഗ്വിനുകളും ഏഴു മുതല്‍ 13 വയസു വരെയുള്ള മൂന്ന് ഹംബോള്‍ട്ട് പെന്‍ഗ്വിനുകളും പൂര്‍ണമായി സുഖം പ്രാപിച്ചതായി മണ്ടായി വൈല്‍ഡ് ലൈഫ് ഗ്രൂപ്പിലെ വെറ്ററിനറി ഡോക്ടറായ എലന്‍ റസീദി പറഞ്ഞു.
കണ്ണിലെ ലെന്‍സില്‍ മൂടലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. സാധാരണയായി പ്രായമായവരിലാണ് കൂടുതലും ഈ രോഗാവസ്ഥ കണ്ടുവരുന്നത്. മനുഷ്യരെപ്പോലെ പ്രായമായ മൃഗങ്ങളെയും ഇതു ബാധിക്കാം.
കിംഗ് പെന്‍ഗ്വിന് ശസ്ത്രക്രിയ നടത്തുന്നു
പെന്‍ഗ്വിനുകള്‍ മുന്നിലുള്ള കാര്യങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുന്നതു ശ്രദ്ധിച്ചപ്പോഴാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്ന് വെറ്ററിനറി ഡോക്ടറായ എലന്‍ റസീദി പറഞ്ഞു.
കിംഗ് പെന്‍ഗ്വിനുകളുടെ കണ്ണുകള്‍ക്ക് അനുയോജ്യമായ ലെന്‍സ് നിര്‍മിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വെറ്ററിനറി ഒപ്തമോളജിസ്റ്റ് ഗ്ലാഡിസ് ബൂ പറഞ്ഞു. തിമിരം ബാധിച്ച ലെന്‍സുകള്‍ നീക്കം ചെയ്താണ് പുതിയത് ഘടിപ്പിച്ചത്. ശസ്ത്രക്രിയ വെറ്ററിനറി മെഡിസിനില്‍ ഒരു നാഴികക്കല്ലാണെന്നും അവര്‍ പറഞ്ഞു.
എയര്‍കണ്ടീഷന്‍ ചെയ്ത വാനുകളില്‍ ഐസ് നിറച്ച ബക്കറ്റുകളില്‍ ഇരുത്തിയാണ് പെന്‍ഗ്വിനുകളെ ബേര്‍ഡ് പാര്‍ക്കില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ക്ലിനിക്കില്‍ കൊണ്ടുപോയത്. അഞ്ചംഗ വെറ്ററിനറി ഡോക്ടര്‍മാരാണ് രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
കൃത്യമായ അളവുകളെ അടിസ്ഥാനമാക്കി ഓരോ പെന്‍ഗ്വിനിന്റെയും കണ്ണിന് ഇണങ്ങുന്ന വിധം ജര്‍മ്മനിയിലാണ് ലെന്‍സുകള്‍ നിര്‍മ്മിച്ചത്. ഇത് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ട് മാസമെടുത്തു,
ശസ്ത്രക്രിയയ്ക്ക് ശേഷം, ആറ് പെന്‍ഗ്വിനുകളെയും പ്രത്യേകം നിരീക്ഷണത്തിലാക്കി. മൃഗശാലാ പ്രവര്‍ത്തകര്‍ ദിവസവും രണ്ട് തവണ വീതം കണ്ണുകളില്‍ തുള്ളി മരുന്ന് ഒഴിച്ചു. വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമുള്ള വിലയിരുത്തലില്‍ ആറു പെന്‍ഗ്വിനുകള്‍ക്കും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്ന് മനസിലായി. പ്രതികരണശേഷിയിലും ദൈനം ദിന പ്രവര്‍ത്തനങ്ങളിലും അവര്‍ ഊര്‍ജ്ജസ്വലരായി.
പെന്‍ഗ്വിനുകളിലെ രണ്ടാമത്തെ വലിയ ഇനമാണ് കിംഗ് പെന്‍ഗ്വിനുകള്‍. ഒരു മീറ്ററോളം നീളമുള്ള കിങ് പെന്‍ഗ്വിനുകള്‍ 30 വര്‍ഷം വരെ ജീവിക്കും. തെക്കന്‍ സമുദ്രത്തിലും അന്റാര്‍ട്ടിക്കിലുമാണ് ഇവ കാണപ്പെടുന്നത്. തലയിലുള്ള സ്വര്‍ണ്ണനിറമാണ് ഇവയെ പെന്‍ഗ്വിനുകള്‍ക്കിടയിലെ കിരീടമുള്ള രാജാക്കന്‍മാരാക്കി മാറ്റുന്നത്.
സിംഗപ്പൂരിലെ ലോകപ്രശസ്ത ജുറോംഗ് ബേര്‍ഡ് പാര്‍ക്കില്‍ തത്തകള്‍, അരയന്നങ്ങള്‍, കഴുകന്മാര്‍ എന്നിവയുള്‍പ്പെടെ 5000 പക്ഷികളുണ്ട്. ത്രീഡി പ്രിന്റ് ചെയ്ത കൃത്രിമ കൊക്ക് ഘടിപ്പിച്ച് കാന്‍സര്‍ ബാധിച്ച വേഴാമ്പലിനെ ചികിത്സിച്ചതുള്‍പ്പെടെ, വര്‍ഷങ്ങളായി നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പാര്‍ക്ക് ഏര്‍പ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.