ദുരിതാശ്വാസനിധി കേസ്: ലോകായുക്തയ്ക്ക് മുഖ്യമന്ത്രിയുമായി ഡീല്‍ ഉണ്ടോയെന്ന് കെ. സുധാകരന്‍

ദുരിതാശ്വാസനിധി കേസ്: ലോകായുക്തയ്ക്ക് മുഖ്യമന്ത്രിയുമായി ഡീല്‍ ഉണ്ടോയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ലോകായുക്തക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി ഉള്‍പ്പെട്ട ദുരിതാശ്വാസനിധി കേസില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എതിര്‍ കക്ഷിയായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പ്രസ്താവിക്കാത്ത സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് ചോദ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോ ഇതെന്നും കെ. സുധാകരന്‍ ചോദിച്ചു. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയ ചായ്‌വും ഇതിനു പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നീതി ബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ലോകായുക്തയും ഉപലോകായുക്തയും വെള്ളാനയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ലോകായുക്തയുടെ വിധി ഉണ്ടായ ഉടനെ കെ.ടി ജലീലിനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉടനടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തരവിട്ടത് ഭയന്നുവിറച്ചാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലില്‍, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും സുധാകരന്‍ ആരോപിച്ചു.

ലോകായുക്തയെ വന്ധീകരിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ ഒക്ടോബര്‍ മുതല്‍ ഗവര്‍ണറുടെ മുന്നിലുണ്ട്. എന്നാല്‍ ഗവര്‍ണറും അതിന്മേല്‍ അടയിരിക്കുകയാണ്. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബിജെപി-സിപിഎം അന്തര്‍ ധാരണയിലെ മറ്റൊരു കറുത്ത അധ്യായമായി മാറിയെന്നും സുധാകരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.