'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്; താനും ഒരു കര്‍ഷകന്‍': നിലപാടില്‍ ഉറച്ച് മാര്‍ ജോസഫ് പാംപ്ലാനി

'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്; താനും ഒരു കര്‍ഷകന്‍': നിലപാടില്‍ ഉറച്ച് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പ്രസ്താവനയില്‍ ഖേദമില്ലെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

കര്‍ഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. വിലത്തകര്‍ച്ച, വന്യമൃഗ ശല്യം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസ്, കര്‍ഷകരെ തെരുവിലിറക്കുമെന്ന സാഹചര്യം... ഇതെല്ലാം പറയേണ്ടത് കേന്ദ്ര സര്‍ക്കാരിനോടാണ്.

മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോണ്‍ഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല. ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താന്‍ കഴിയുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ് അത് പറയേണ്ടത്. അല്ലാതെ പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല താന്‍ സംസാരിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

കര്‍ഷകരെ കബളിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. അവരുടെ ശബ്ദമായാണ് ആ വിഷയം താന്‍ അവതരിപ്പിക്കുന്നത്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മില്‍ അലയന്‍സായെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ലെന്നും കര്‍ഷകരിലൊരാളായാണെന്നും താനും ഒരു കര്‍ഷകനാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്‌നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷമുണ്ട്. നേരത്തേ കര്‍ഷകരുടെ വിഷമങ്ങള്‍ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമോ എന്ന് പറയേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. കേരളത്തില്‍ എംപിയില്ല എന്നാണല്ലോ ബിജെപി പറയുന്നത്. ആദ്യം കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കൂ. അപ്പോള്‍ കര്‍ഷകര്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.