'പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കും; ഭൂതത്തെ കുടം തുറന്നു വിട്ടിട്ട് അയ്യോ പാവം എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല': മാര്‍ പാംപ്ലാനി

'പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കും; ഭൂതത്തെ കുടം തുറന്നു വിട്ടിട്ട് അയ്യോ പാവം എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല': മാര്‍ പാംപ്ലാനി

കണ്ണൂര്‍: പറഞ്ഞതില്‍ നിന്നും അണുവിട മാറില്ലെന്നും ആലോചിച്ച ശേഷം പറഞ്ഞ വാക്കുകളാണതെന്നും തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ഞങ്ങള്‍ക്ക് കര്‍ഷക പക്ഷം മാത്രമേയുള്ളൂ. ഒരു രാഷ്ടീയ പാര്‍ട്ടിയുമായും ബാന്ധവമില്ല. രാഷ്ട്രീയത്തിന്റെ പുകമറ കൊണ്ട് ഒന്നും മറയ്ക്കാന്‍ ശ്രമിക്കരുത്. പൊറാട്ടു നാടകം കൊണ്ട് തങ്ങള്‍ പിന്‍മാറില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി നേതാക്കള്‍ എല്ലാവരും അതിരൂപതയില്‍ വന്നിട്ടുണ്ട്. എല്ലാവരും വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ന്യൂനപക്ഷ സെല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തത്തിന്റെ ഭാഗമായി ബിജെപി നേതാക്കളും വന്നിരുന്നു. അല്ലാതെ അതില്‍ മറ്റൊരു പുകമറയും ഉണ്ടാക്കേണ്ടതില്ല.

ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഉടന്‍ തന്നെ നയം മാറ്റുന്നവരാണ് കതോലിക്ക മെത്രാന്‍മാര്‍ എന്ന് ധരിച്ചുവെങ്കില്‍ തെറ്റിയത് മാധ്യമങ്ങള്‍ക്കാണ്. പറഞ്ഞതില്‍ യാതൊരു മതപക്ഷവുമില്ല. രാഷ്്ട്രീയ പക്ഷവുമില്ല. കര്‍ഷക പക്ഷം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള ഒരു അലയന്‍സ് ചര്‍ച്ച ചെയ്യുന്നത് ഇങ്ങനെ ഒരു സമൂഹത്തില്‍ നിന്നാകുമോ? കര്‍ഷക വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ ആരെല്ലാം തല കുത്തി മറഞ്ഞാലും പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കും. ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചെങ്കില്‍ അതിന് വഴിമരുന്ന് ഇട്ടുകൊടുത്തത് ആരാണെന്നും ആര്‍ച്ച് ബിഷപ്പ് ചോദിച്ചു.

ഭൂതത്തെ കുടം തുറന്നുവിട്ടിട്ട് അയ്യോ പാവം എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രീയ നേതാക്കന്‍മാര്‍ പക്വത കാണിക്കുകയും പ്രതികരണം ഉണ്ടാക്കുന്നതിന്റെ ഭവിഷ്യത്ത് തിരിച്ചറിയുകയും വേണം. അതിന് ബിജെപി മുതലെടുക്കുന്നുവെന്ന് ആരെങ്കിലും നിലവിളിച്ചാല്‍ ഞങ്ങളല്ല ഉത്തരവാദി. ദേശീയ തലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ആരും ന്യായികരിക്കുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.