മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതി; ഒന്നരവര്‍ഷമായിട്ടും വിധിയില്ല; ഹൈക്കോടതിയില്‍ ഹര്‍ജി

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതി; ഒന്നരവര്‍ഷമായിട്ടും വിധിയില്ല; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: വാദം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. വിധി പ്രസ്താവിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വാദം പൂര്‍ത്തിയായി ആറു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും അതിന് ലോകായുക്ത തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം നേമം സ്വദേശിയും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോകയുക്ത രജിസ്ട്രാറെ എതിര്‍കക്ഷിയാക്കി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ പരാതിയിലെ ലോകായുക്തയുടെ മൗനം വിവാദമായി തുടരുന്നതിനിടെയാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്. ഹര്‍ജി സര്‍ക്കാരിനു കുരുക്കായി മാറും. മുന്‍പ് വന്ന ലോകായുക്ത വിധിയിലാണ് മന്ത്രി ജലീലിനു സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ എടുത്ത് കളഞ്ഞെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ബില്‍ നിയമമായിട്ടില്ല.

എന്‍.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപ, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പക്കുമായി എട്ടര ലക്ഷം രൂപ, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടപ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിന് പുറമേ 20 ലക്ഷം രൂപ എന്നിങ്ങനെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയത് പണത്തിനെതിരെയാണ് പരാതി. പണം നല്‍തിയത് ദുര്‍വിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആശ്യപ്പെട്ടാണ് ലോകയുക്തയെ സമീപിച്ചത്.

2022 ഫെബ്രുവരി അഞ്ചിന് ലോകയുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്താ നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത്.

ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചതോടെ ലോകായുക്തയിലെ പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍- ഉല്‍-റഷീദും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജ്ജിയില്‍ വാദം കേട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.