അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിക്ഷേധിക്കപ്പെട്ടു; പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിക്ഷേധിക്കപ്പെട്ടു; പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

ലാഹോര്‍: വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരില്‍ 45 കുടുംബങ്ങള്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാതെയുള്ള വേര്‍തിരിവുകള്‍ അസഹനീയമായതോടെയാണ് ക്രൈസ്തവ കുടുംബങ്ങള്‍ നാട് വിടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ദാരിദ്ര്യവും മൂലം ആളുകള്‍ തമ്മിലുള്ള കലഹങ്ങള്‍ രൂക്ഷമായതോടെ ന്യൂനപക്ഷ സമുദായമായ ക്രൈസ്തവര്‍ക്ക് നേരെ അതിക്രമങ്ങള്‍ രൂക്ഷമാകുകയായിരുന്നു.

ലഭ്യമായ സൗകര്യങ്ങള്‍ പോലും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെട്ടു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാനാണ് ക്രൈസ്തവ കുടുംബങ്ങള്‍ അവിടെ നിന്നും പലായനം ചെയ്തത്.

സിന്ധിലെ ചേരി ഗ്രാമമായ ഘോട്ട് ഷോറയിലേക്ക് 16 കുടുംബങ്ങള്‍ താമസം മാറ്റി. അവിടെ ഒരു പ്രാദേശിക സാമൂഹിക പ്രവര്‍ത്തകനാണ് അവര്‍ക്ക് ഭൂമി ലഭ്യമാക്കിയത്. 12 കുടുംബങ്ങള്‍ ഗരീബാബാദ് ചേരിയിലേക്കും 17 കുടുംബങ്ങള്‍ കനാലിന്റെ തീരത്തുള്ള ഹരി ക്യാമ്പിലേക്കും മാറി.

ക്യാമ്പുകളിലെ ക്രൈസ്തവരുടെ ജീവിതം വളരെ ദുസഹമാണ്. ശുദ്ധജല ലഭ്യതക്കുറവും മലിന ജലത്തിന്റെ ഉപയോഗവും മലേറിയയും ത്വക്ക് രോഗങ്ങളും പടരുന്നതിന് കാരണമാകുന്നു.

'ഈ ഭയാനകമായ കാലഘട്ടം എപ്പോള്‍ അവസാനിക്കുമെന്നറിയില്ല. ഈ ദയനീയമായ ജീവിതം ഞങ്ങള്‍ക്ക് മടുത്തു. ഞങ്ങളെ പിന്തുണയ്ക്കാന്‍ സര്‍വ്വശക്തനായ ദൈവം ആരെയെങ്കിലും അയയ്ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു'- മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പത്തെട്ടുകാരിയായ നസ്രീന്‍ ബീബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.