ദൈവീക ദാനങ്ങളെ കണ്ണുകള്‍ തുറന്ന് നോക്കി ആശ്ചര്യപ്പെടാനും സംശയിക്കാതെ അവ ഏറ്റുപറയാനും നമുക്കു സാധിക്കണം: ഫ്രാന്‍സിസ് പാപ്പ

ദൈവീക ദാനങ്ങളെ കണ്ണുകള്‍ തുറന്ന് നോക്കി ആശ്ചര്യപ്പെടാനും സംശയിക്കാതെ  അവ ഏറ്റുപറയാനും നമുക്കു സാധിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവില്‍ നിന്ന് രോഗശാന്തി ലഭിച്ച അന്ധനെപ്പോലെ കണ്ണുകള്‍ തുറന്ന് ജീവിതത്തില്‍ ദാനമായി ലഭിച്ച ദൈവത്തിന്റെ കൃപകളെ നോക്കി ആശ്ചര്യപ്പെടാന്‍ നമുക്കു കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ദിവ്യബലി മധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം ഒമ്പതാം അദ്ധ്യായം ഒന്നു മുതല്‍ 41 വരെയുള്ള വാക്യങ്ങളെ അധാരമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. അതായത്, ജന്മനാ അന്ധനായ ഒരുവനെ യേശു സൗഖ്യമാക്കുന്നതും ഈ അത്ഭുതം എങ്ങനെയാണ് ആളുകളില്‍ പല വിധത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയതെന്നും പാപ്പാ വിവരിച്ചു.

ദൈവത്തില്‍ നിന്നുള്ളവനാണ് അന്ധനായിരുന്ന തന്നെ സുഖപ്പെടുത്തിയതെന്ന് അറിയിച്ചപ്പോള്‍ ഫരിസേയര്‍ അവനെ പുറത്താക്കുന്നതും യേശു വീണ്ടും അവനെ കണ്ടുമുട്ടിയപ്പോള്‍ അവന്റെ ആത്മീയാന്ധത നീക്കുന്നതുമായ സംഭവമായിരുന്നു അത്.

കര്‍ത്താവ് നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ ഹ്രസ്വവും ഏറ്റവും മനോഹരവുമായ സുവിശേഷ ഭാഗമായിരുന്നു അതെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. അന്ധനായ മനുഷ്യന് കര്‍ത്താവിന്റെ ദാനമായി കാഴ്ച ലഭിച്ചപ്പോള്‍ പല വിധത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. സ്വാഗതാര്‍ഹമായ ഹൃദയത്തോടെയോ, ഉദാസീനമായ ഹൃദയത്തോടെയോ, ഭയചകിതമായ ഹൃദയത്തോടെയോ, ധൈര്യമുള്ള ഹൃദയത്തോടെയോ ഒക്കെയിരുന്നു ആ പ്രതികരണങ്ങള്‍.

യേശുവിന്റെ ശിഷ്യന്മാര്‍ അന്ധതയ്ക്ക് ഒരു കാരണം അന്വേഷിക്കുന്നു. അന്ധനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടുണ്ടോ എന്നും അതു വഴിയാണോ അവന്‍ അന്ധനായതെന്നും ചോദിക്കുന്നു. അവര്‍ ഒരു കുറ്റവാളിയെ തിരയുകയാണ്. വ്യര്‍ത്ഥമായ ഈ അനേ്വഷണത്തിനു പകരം നമ്മുടെ ജീവിതത്തില്‍ അന്ധന്റെ സാന്നിധ്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും കര്‍ത്താവ് നമ്മോട് എന്താണ് ആവശ്യപ്പെടുന്നതെന്നും ചോദിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.

രോഗശാന്തി നടക്കുക്കുമ്പോഴും പ്രതികരണങ്ങള്‍ പല വിധത്തിലാകുന്നു. ആദ്യത്തേത്, സംശയഗ്രസ്തരായ അയല്‍ക്കാരുടേതാണ്. 'അയല്‍ക്കാരും അവനെ മുമ്പു യാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു. ഇവന്‍ തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നവന്‍? ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റു ചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ' (യോഹന്നാന്‍ 9: 8-9).

ഈ പ്രതികരണങ്ങളിലെ പൊതുവായ ഘടകം പാപ്പ ചൂണ്ടിക്കാട്ടുന്നു. യേശുവിന്റെ അടയാളത്തിന് മുന്നിലെ അടഞ്ഞ ഹൃദയങ്ങളാണ് ഈ പ്രതികരണങ്ങള്‍ക്കു കാരണം. അവര്‍ ഒരു കുറ്റവാളിയെ അന്വേഷിക്കുന്നു, അവര്‍ക്ക് ആശ്ചര്യപ്പെടാന്‍ അറിയില്ല, അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ല, കാരണം ഭയം അവരെ ബന്ധിച്ചിരിക്കുന്നു.

ശരിയായി പ്രതികരിച്ചത് അന്ധന്‍ മാത്രമാണ്. 'ഞാന്‍ അന്ധനായിരുന്നു, ഇപ്പോള്‍ ഞാന്‍ കാണുന്നു' എന്ന് ആശ്ചര്യത്തോടും നന്ദിയോടും സന്തോഷത്തോടും കൂടി സാക്ഷ്യപ്പെടുത്തിക്കൊണ്ട് അന്ധന്‍ സംഭവിച്ച കാര്യങ്ങളോട് നന്നായി പ്രതികരിക്കുന്നു. അവന്‍ സത്യം പറയുന്നു.

മുമ്പ്, അവന്‍ ജീവിക്കാന്‍ ഭിക്ഷ യാചിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ജനങ്ങളുടെ മുന്‍വിധികള്‍ക്ക് പാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിലും ആത്മാവിലും അവന്‍ സ്വതന്ത്രനാണ്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നോ പറയുമെന്നോ ഭയപ്പെടാതെ യേശുവിന് സാക്ഷ്യം വഹിക്കുന്നു,

ഈ സുവിശേഷ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളുടെ സ്ഥാനത്ത് നാം നമ്മെത്തന്നെ സങ്കല്‍പ്പിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഇതേ സാഹചര്യത്തിലെ നമ്മുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം അപ്പോള്‍ എന്ത് പറയുമായിരുന്നു എന്നു ചിന്തിക്കാം.

അന്ധനെപ്പോലെ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ കാണാനും നന്ദിയുള്ളവരായിരിക്കാനും നമുക്ക് കഴിന്നുണ്ടോ? യേശുവിന്റെ സ്‌നേഹത്തിനും കാരുണ്യത്തിനും നാം സാക്ഷ്യം വഹിക്കുന്നുണ്ടോ? അതോ ഭയങ്ങളിലും ബലഹീനതകളിലും ബന്ധിരായി വിമര്‍ശനങ്ങളും നിഷേധാത്മകതയും പ്രചരിപ്പിക്കുകയാണോ?

ദൈവം നല്‍കുന്ന ദാനങ്ങളക്കുറിച്ചുള്ള നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നാം തയ്യാറാണോ? അതോ ആളുകള്‍ എന്തു വിചാരിക്കും എന്ന ഭയത്താല്‍ നമ്മുടെ പ്രതികരണം ഉള്ളില്‍ സൂക്ഷിക്കുകയാണോ?

അവസാനമായി, മറ്റുള്ളവരുടെ ശാരീരികമോ സാമൂഹികമോ ആയ പരിമിതകളെയും വെല്ലുവിളികളെയും നാം ഒരു ശല്യമായി കാണുന്നുണ്ടോ? അന്ധനെപ്പോലെ ശാരീരികമായും അല്ലെങ്കില്‍ തെരുവില്‍ കാണുന്ന യാചകരെപ്പോലെ സാമൂഹികമായും ജീവിതത്തില്‍ നിരവധി പരിമിതികളുള്ള ആളുകളെ നാം എങ്ങനെയാണ് സ്വാഗതം ചെയ്യുന്നത്? നാം ഈ ആളുകളെ ബുദ്ധിമുട്ട് ആയിട്ടാണോ അതോ സ്‌നേഹത്തോടെ അവരോട് അടുക്കാനുള്ള അവസരമായിട്ടാണോ സ്വാഗതം ചെയ്യുന്നത്' - പാപ്പാ വിശ്വാസികളോട് ചോദിച്ചു.

ദൈവത്തിന്റെ ദാനങ്ങള്‍ക്ക് അനുദിനം ആശ്ചര്യപ്പെടാനും ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളില്‍ യേശു അന്ധനോട് ചെയ്തതുപോലെ, നന്മ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളായി കാണാനുമുള്ള കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം. നീതിമാനും വിശ്വസ്തനുമായ വിശുദ്ധ യൗസേപ്പിനോടൊപ്പം പരിശുദ്ധ മാതാവും നമ്മെ അതിനു സഹായിക്കട്ടെ - മാര്‍പ്പാപ്പ ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.