ഫാ. ജോമോൻ കാക്കനാട്ട്
പിതാവിനോട് ഒരിക്കൽചോദിച്ചു ; ആവർത്തിച്ചു വായിച്ചിട്ടുള്ള പുസ്തകങ്ങൾ ഏതൊക്ക ? മറുപടി ഇങ്ങനെ; 'വി. ബൈബിൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, ഭാരതത്തിന്റെ ഭരണഘടന'. അതായിരുന്നു പൗവ്വത്തിൽ പിതാവിന്റെ ധൈഷണിക കുലീനത്വം.
സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ദേഹവിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണ്. സെമിനാരിയിലേക്ക് പ്രവേശനം നൽകുകയും പരിശീലനകാലഘട്ടങ്ങളിൽ പിതൃതുല്യ വാത്സല്യത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്ന 'സെമിനാരിക്കാരുടെ പിതാവ് '!(അങ്ങനെ വിളിക്കപെടാനാണ് ആഗ്രഹമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്). പിന്നീട് റീജൻസി കാലത്താണ് ബ്രദർ സെക്രട്ടറി എന്ന നിലയിൽ അടുത്തറിയാൻ ഭാഗ്യം കിട്ടിയത്. പിതാവിൽനിന്നും പൗരോഹിത്യ തിരുപ്പട്ടം കിട്ടിയത് വലിയ ദൈവാനുഗ്രഹമായി കാണുന്നു. പിന്നീട് രണ്ടര വർഷം ഫാദർ സെക്രട്ടറി എന്ന ശുശ്രൂഷ കാലയളവിലും ഞാൻ കാണുകയും കേൾക്കുകയും സാകൂതം നിരീക്ഷിക്കുകയും ചിലപ്പോഴൊക്കെ വ്യക്തിപരമായ വർത്തമാനങ്ങളിലൂടെ ഞാൻ തന്നെ ചോദിച്ചറിഞ്ഞ പൗവ്വത്തിൽപിതാവിനെക്കുറിച്ചുള്ള ഹ്രസ്വവും തികച്ചും വ്യക്തിപരവുമായ ഓർമ്മകുറിപ്പാണിത്.
ആത്മീയ ആചാര്യൻ
അതിരാവിലെ ഉണർന്നു ജപമാലയിൽ ആരംഭിക്കുന്ന ജീവിതചര്യ അവസാനിക്കുന്നതും രാത്രി ജപം (ലെലിയ) കഴിഞ്ഞു ശേഷം ജപമാലയോടുകൂടിയാണ് . പരിശുദ്ധ അമ്മയോട് അനിതര സാധാരണമായ ഒരു ഭക്തി പിതാവിനുണ്ടായിരുന്നു. കഴുത്തിലും, പോക്കറ്റിലും എപ്പോഴും കൊന്ത ഉണ്ടായിരുന്നു. മരിക്കുന്നതിന് ആഴ്ച്ചകൾക്കുമുമ്പു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോഴും സംസാരത്തിന്റെ ഇടവേളകളിൽ "എന്റെ അമ്മേ എന്റെ ആശ്രയമേ"എന്ന സുകൃത ജപം ആവർത്തിച്ചിരുന്നതു കേൾക്കാൻ ഇടയായി. സ്വകാര്യ ചാപ്പലിൽ എപ്പോഴൊക്കെ പ്രാർത്ഥനകൾക്കായി കയറിയാലും ബലിപീഠം ചുംബിക്കുന്ന പിതാവ് തന്റെ ആത്മീയ ഊർജം എവിടെനിന്നാണെന്ന് പറയാതെ പഠിപ്പിച്ചു. ശാരീരിക അവശതകളുടെ അവസാനകാലയളവുകളിൽ പോലും യാമപ്രാർത്ഥകൾ മുടക്കംകൂടാതെ ചൊല്ലുന്ന പിതാവിനെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്!
അത്ഭുതപ്പെടുത്തുന്ന അറിവ്
ഭൗതികമായി പിതാവിന് എന്തെങ്കിലും സാമ്പാദ്യം ഉണ്ടെങ്കിൽ അതു പുസ്തകങ്ങൾ മാത്രമാണ്. അതിവേഗ വായന (fast reading) പിതാവിന്റെ മാത്രം അനന്യമായ അക്കാഡമിക് ട്രിക് ആണ്. ഒൻപതോളം പത്രങ്ങളുടെ വായനയിൽ ആരംഭിക്കുന്ന ദിവസത്തിന്റെ സിംഹ ഭാഗവും വായനയും എഴുത്തിലുമാണ് അവസാനിക്കുന്നത്. മൂർച്ചയുള്ള തൂലികയും കൂർമതയുള്ള ബുദ്ധിയും പിതാവിന്റെ ആയുധങ്ങളായിരുന്നു. മുറിയിലെ സാമാന്യം വലിയ ലൈബ്രറിയായിരുന്നു പിതാവിന്റെ ഭൗതിക സമ്പത്ത്. അതിൽത്തന്നെ അമൂല്യമായിരുന്നു റാറ്റ് സിങ്ങർ പിതാവിന്റെ (ബെനഡിക്ട് പതിനാറാമൻ പാപ്പ) എല്ലാ പുസ്തകങ്ങളുടെയും ശേഖരം. ആ പുസ്ത്കങ്ങളുടെ ഇരിപ്പിടത്തിനുപോലും മറ്റു പുസ്തകങ്ങളോടൊപ്പമായിരുന്നില്ല സ്ഥാനം, അത് കിടപ്പുമുറിയിലെ ഷെൽഫിൽ നിധികൾപോലെ സൂക്ഷിച്ചു. പിതാവിനോട് ഒരിക്കൽചോദിച്ചു ; ആവർത്തിച്ചു വായിച്ചിട്ടുള്ള പുസ്തകങ്ങൾ ഏതൊക്ക ? മറുപടി ഇങ്ങനെ; 'വി. ബൈബിൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, ഭാരതത്തിന്റെ ഭരണഘടന'. അതായിരുന്നു പൗവ്വത്തിൽ പിതാവിന്റെ ധൈഷണിക കുലീനത്വം.
നിലപാട്
ജനകീയ പിന്തുണക്കോ, കൈയടികൾക്കോ, സ്‌ഥാനമാനങ്ങൾക്കു വേണ്ടിയോ നിലപാടുകളിൽ വെള്ളം ചേർത്തില്ല. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും തമ്മിൽ അകലങ്ങൾ കുറവായിരുന്നു. ഒൻപതു പതിറ്റാണ്ടിന്റെ കാലയളവിൽ പറഞ്ഞതു തിരുത്തേണ്ടി വരുകയോ, മാറ്റിപ്പറയുകയോ വേണ്ടിവന്നില്ല കാരണം അവക്കൊക്കെ ഗൃഹപാഠത്തിന്റെ പിൻബലം ഉണ്ടായിരുന്നു.
വ്യക്തി ബന്ധങ്ങൾ
വ്യക്തിപരമായി കത്തുകൾക്ക് മറുപടി എഴുതുന്നൊരു പിതാവിനെക്കുറിച്ചു പറയാത്തവരായി ആരുമില്ല. പേര് ചൊല്ലി വിളിക്കുന്ന ഇടയൻ. സൂഷ്മമായ കാര്യങ്ങൾ പോലും ചോദിച്ചറിയുന്ന പിതാവ്. ആശയങ്ങൾ തമ്മിൽ സംഘടനങൾ നടത്താൻ മടിയില്ലാത്ത പിതാവിന് ആളുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളോട് എന്നും നീരസമായിരുന്നു. യുക്തിഭദ്രമായി എന്നാൽ കുലീനതയോടെ ആശയ സംവേദനം നടത്തി എതിർ ചേരിയിലുള്ളവരെപോലും സഹൃദവലയത്തിൽ നിർത്താനുള്ള പിതാവിന്റെ വശ്യത വ്യക്തി ബന്ധങ്ങൾക്ക് ഇന്ധനം പകരുന്നതായിരുന്നു. 'പൗവത്തിൽ പിതാവിന്റെ സെക്രട്ടറി അച്ചനാണ്' എന്നു പറയുമ്പോൾ തിരിച്ചുകിട്ടുന്ന പ്രതികരണങ്ങളിൽനിന്നു പിതാവിന് സമൂഹം കൊടുക്കുന്ന ആദരവ് ഞാൻ പലപ്പോഴും വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്.
ക്രാന്ത ദർശി
പൗവ്വത്തിൽ പിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ അടിത്തറയിലാണ് ആധുനിക സീറോ മലബാർ സഭയുടെ വളർച്ച സാധിതമായിരിക്കുന്നതെന്ന് കാലം തെളിയിച്ച സത്യമാണ്. കാര്യങ്ങൾ മുൻകൂട്ടി കാണാനും അതിനു പരിഹാരം കണ്ടെത്താനും പിതാവിനുള്ള സവിശേഷ ഗുണം ഈ കാലഘട്ടത്തിൽ സഭയെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്ന് രക്ഷിച്ചിട്ടുണ്ട്. സഭയുടെ ഉറങ്ങാത്ത സംരക്ഷകനായ യൗസേപ്പായിരുന്നു പിതാവ്.
എന്റെ ജീവിതത്തിലെ വലിയ ഭാഗ്യവും ദൈവാനുഗ്രഹവും പിതാവേ, അങ്ങയോടൊപ്പം ഉണ്ടായിരുന്ന കാലയളവായിരുന്നു ... ഒരുപാട് നന്ദി
വിളക്കുടഞ്ഞെങ്കിലും ദീപം കെടാതെ നിൽക്കും; സീറോ മലബാർ സഭയുള്ളിടത്തോളം കാലം.
സ്നേഹ പ്രണാമം.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പര മുഴുവൻ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26