പഞ്ചിങ് നടത്തി മുങ്ങിയാല്‍ പിടിവീഴും: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍; എതിര്‍പ്പുമായി സിപിഎം അനുകൂല സംഘടന

പഞ്ചിങ് നടത്തി മുങ്ങിയാല്‍ പിടിവീഴും: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍; എതിര്‍പ്പുമായി സിപിഎം അനുകൂല സംഘടന

കൊച്ചി: പഞ്ചിങ് നടത്തി മുങ്ങുന്ന ജീവനക്കാരെ കണ്ടുപിടിക്കാന്‍ സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും. ഏപ്രില്‍ ഒന്നു മുതലാണ് സെക്രട്ടറിയേറ്റില്‍ പുതിയ മാറ്റം. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം.

രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.

രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ച ഊണിന് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ് വയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജോലിയെടുക്കാതെ കറിങ്ങി നടന്നാല്‍ ശമ്പളം കട്ടാകും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കി ഉപകരണങ്ങള്‍ വാങ്ങി. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം ബയോമെട്രിക് പഞ്ചിങ് കാര്‍ഡ് വരും. ഇതുപയോഗച്ച് പഞ്ച് ചെയ്ത ശേഷമേ അകത്തേക്ക് കയറാനുള്ള വാതില്‍ തുറക്കൂ. പുറത്ത് പോകുമ്പോഴും പഞ്ചിങ് നടത്തണം.

തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്ന് രേഖപ്പെടുത്തും. അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണം. നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പഞ്ച് ചെയ്ത ശേഷം പുറത്ത് പോകാന്‍ തടസമില്ല. വൈകി എത്തുന്നതിനും നേരത്തേ പോകുന്നതിനുമായി മാസം 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

പുതിയ സംവിധാനം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഏതു സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടി വരും. ജീവനക്കാരെ ഓഫിസുകളിലെത്തി കാണുന്നതിനും ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും നിയന്ത്രണം വരും. ആക്സസ് കണ്‍ട്രോള്‍ സംവിധാനം ജീവനക്കാരെ ബന്ദികളാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.