അലൻ എയ്മ്സ് എന്ന ലണ്ടൻ കാരനായ ഒരു സുവിശേഷ പ്രഘോഷകൻ എഴുതിയ'യേശുവിന്റെ കണ്ണുകളിലൂടെ' എന്ന പുസ്തകം ക്രിസ്ത്യാനികളായ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെ എന്നതിൽ സംശയമില്ല . വളരെ ലൗകീകനായി ജീവിച്ച ഇദ്ദേഹത്തിൽ ഒരു മാനസാന്തരാനുഭവം ഉണ്ടാവുകയും അതേ തുടർന്ന് യേശുവിന്റെ പ്രേഷിതനായി തീരുകയും ചെയ്തു.
1994 ഫെബ്രുവരി മുതലാണ് അദ്ദേഹത്തിന് തുടരെ തുടരെ ദൈവിക ദർശനങ്ങൾ ലഭിച്ചു തുടങ്ങിയത് . അലൻ ആദ്യമൊക്കെ ഈ ദർശനങ്ങളെ അവഗണിച്ചു കൊണ്ടിരുന്നു. എന്നാൽ ഈശോയിൽ നിന്നും കിട്ടിയ നിർദ്ദേശം അനുസരിച്ച് അദ്ദേഹം എല്ലാം എഴുതി വയ്ക്കാൻ തുടങ്ങി. 1996 ഫെബ്രുവരി മുതൽ ഈശോയുടെ ജീവിത കാലത്ത് സംഭവിച്ച കാര്യങ്ങൾ ഈശോ അദ്ദേഹത്തിന്ന് വെളിപ്പെടുത്തി കൊടുത്തു തുടങ്ങി . ബൈബിളിൽ ഉള്ളതും ഇല്ലാത്തതുമായ സംഭവങ്ങൾ ഉണ്ടായിരുന്നു അവയിൽ. അങ്ങനെ രൂപപ്പെട്ടതാണ് 'യേശുവിന്റെ കണ്ണുകളിലൂടെ'എന്ന അതിമനോഹരമായ ഈ പുസ്തകം.
മൂന്നു വാല്യങ്ങളുള്ള ഈ പുസ്തകത്തിന്റെ യഥാർത്ഥ പതിപ്പ് എഴുതപ്പെട്ടിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഇതിന്റെ മലയാള വിവർത്തനത്തിലും 3 വല്യങ്ങൾ ലഭ്യമാണ്. വളരെ അത്ഭുതപ്പെടുത്തുന്ന ഒന്ന് , ഇതിന്റെ മലയാള വിവർത്തനം നടത്തിയിരിക്കുന്നത് സെറ ജോസഫ് നിരപ്പുകാട്ടിൽ എന്ന ഒരു മലയാളി വീട്ടമ്മയാണ് . അവർ ചെയ്തത് അതി മഹത്തായ ഒരു കൃത്യമാണ്. ഞാനുൾപ്പെടെയുള്ള എത്രയോ മലയാളികൾക്ക് ആ പുസ്തകം ആസ്വദിക്കാനും അതിന്റെ പ്രയോജനം മുതലെടുക്കാനും സാധിച്ചു . ഇപ്പോൾ പലരിലും ചില ചോദ്യങ്ങൾ ഉടലെടുത്തിട്ടുണ്ട് . ഇതുപോലെയുള്ള വെളിപാടുകളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാമോ ? സഭ ഇതേപ്പറ്റി എന്ത് പറയുന്നു തുടങ്ങിയ ചോദ്യങ്ങൾ . ഇത് സഭ ഔദ്യോഗികമായി അംഗീകരിച്ച ഒരു പുസ്തകമാണ് . ഈ പുസ്തകങ്ങളുടെ അവതാരിക എഴുതിയിരിക്കുന്നത് ബഹു മാത്യു നായ്ക്കംപറമ്പിൽ അച്ഛൻ , ബഹു ജോർജ് പനയ്ക്കലച്ചൻ , ബ്ര ബെന്നി പുന്നത്തറ തുടങ്ങിയവരാണ്.
" വിശുദ്ധ നാട്ടിലെ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമായി ചുറ്റി സഞ്ചരിച്ചപ്പോൾ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ യേശുവിന്റെ നയനങ്ങളിലൂടെ ഞാൻ കാണുവാൻ തുടങ്ങി. തന്റെ ചിന്തകളെ ഗ്രഹിക്കാനുള്ള കൃപയും അവിടുന്ന് എനിക്ക് തന്നു" ഇതാണ് തന്റെ വെളിപാടുകളെക്കുറിച്ചു ഗ്രന്ഥ കർത്താവായ അലനു പറയാനുള്ളത് .
വിവർത്തകയായ സെറ പറയുന്നു "ഗൃഹജോലികൾക്കിടയിലും ഇത്രയൊക്കെ എഴുതാൻ സാധിച്ചതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു.ഇതെഴുതിയ സമയങ്ങളിലൊക്കെ ഈശോ കൂടെ നടക്കുന്നതായി എനിക്ക് തോന്നി. വിശദീകരിക്കാനാവാത്ത ഒരുപാടു അനുഭവങ്ങളുമുണ്ടായി. ദൈവത്തിന് നന്ദി ".
ബൈബിളിൽ ഉള്ളതും ഇല്ലാത്തതുമായ പല സംഭവങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ബൈബിളിൽ ഒരു സംഭവം വിവരിച്ചിരിക്കുന്നത് അത് എഴുതിയ വ്യക്തിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ആണ്, അവർ കണ്ട ഈശോ, അവർ മനസ്സിലാക്കിയ ഈശോ ആണ് ബൈബിളിൽ . അന്നുണ്ടായ സംഭവങ്ങൾ അത് എഴുതിയവരുടെ കണ്ണുകളിലൂടെ നാം കാണുന്നു . എന്നാൽ ഈ പുസ്തകത്തിൽ അതേ സംഭവങ്ങൾ ഈശോയുടെ കണ്ണുകളിൽ കൂടി ആണ് നാം കാണുക . ഓരോ സംഭവങ്ങളും നടന്നപ്പോൾ ഈശോയുടെ മനസ്സിൽ എന്തായിരുന്നു, ഈശോ എന്ത് ചിന്തിച്ചു , ഈശോയുടെ ഉദ്ദേശം എന്തായിരുന്നു തുടങ്ങിയ വസ്തുതകൾ ഈശോ ഈ പുസ്തകത്തിൽ കൂടി വെളിവാക്കുന്നു .
അതുപോലെ , ഈശോയുടെ തികച്ചും മാനുഷികമായ ഒരു വശം ഇതിൽ തെളിഞ്ഞു നിൽക്കുന്നു . വിശക്കുകയും ദാഹിക്കുകയും ചെയുന്ന ഈശോ , നടന്നു ക്ഷീണിച്ച ഈശോ , ഉറക്ക ക്ഷീണം അനുഭവിക്കുന്ന ഈശോ, സങ്കടപ്പെടുന്ന ഈശോ; അങ്ങനെ ഈശോയുടെ മാനുഷികത ഇതിൽ ശക്തമായി പ്രതിഫലിക്കുന്നു . ശിഷ്യന്മാരെ കൂട്ടുകാരായ് കണ്ട ഈശോയുടെ മനോവ്യാപാരങ്ങൾ വളരെ ആശ്ചര്യമുളവാക്കുന്നതാണ്. വളരെ വ്യത്യസ്തരായ ശിഷ്യന്മാരെ ആണ് ഈ പുസ്തകത്തിൽ കാണുക . ബൈബിളിൽ കാണുന്ന പത്രോസ് അല്ല ഈ പുസ്തകത്തിൽ ; ഈശോയുടെ കണ്ണുകളിൽ കൂടി ഈശോ കണ്ട പത്രോസ് വളരെ വ്യത്യസ്തനാണ്. അതുപോലെ തന്നെ മറ്റു ശിഷ്യന്മാരും . ഒരേ സംഭവത്തിന്റെ രണ്ടു വശങ്ങൾ ആണ് ബൈബിളും ഈ പുസ്തകവും തുറന്നു കാണിക്കുന്നത്.
വെളുപ്പിനെ എഴുന്നേറ്റു പ്രാർത്ഥിക്കുന്ന അമ്മയെപ്പറ്റി , അമ്മ പ്രാർത്ഥിക്കുന്നത് കേട്ട് കൂടെ കൂടിയ ഈശോ , അവർ രണ്ടുപെരും കൂടി സങ്കീർത്തനം ചൊല്ലുന്നത് കേട്ട്, ശിഷ്യന്മാർ ഓരോരുത്തരായി എഴുന്നേറ്റു വന്ന് പ്രാർത്ഥിക്കാൻ കൂടെ കൂടിയതു , അങ്ങനെ വിവരണങ്ങൾ ഇവിടെ പ്രതിപാദിക്കൻ പറ്റാത്തത്ര ഉണ്ട് . ഈ പുസ്തകം വായിച്ച എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട് .ഇത് വായിച്ചു കഴിഞ്ഞാൽ പിന്നെ എപ്പോഴും ഈശോ കൂടെ ഉള്ളതുപോലെ അനുഭവപ്പെടും എന്ന് . ഒരു മനുഷ്യനെപ്പോലെ ഈശോ കൂടെ നടക്കുന്നതായി തോന്നും എന്ന് . ഈശോ ഒരു കൂട്ടുകാരനായിമാറും . കൂട്ടുകാരാട് സംസാരിക്കുന്നത് പോലെ നമ്മളും ഈശോയോടു സംസാരിച്ചു തുടങ്ങും . ഊണിലും ഉറക്കത്തിലും ഈശോയുട സാന്നിധ്യം അനുഭവിക്കും . ഇത് ഒരു യാഥാർഥ്യമാണ് . പച്ചമനുഷ്യനായ ഈശോ ഈ പുസ്തകത്തിൽ കൂടി നമ്മിൽ കൂടിയിരിക്കും. വായിച്ചിട്ടില്ലെങ്കിൽ അത് ഒരു മഹാനഷ്ടം തന്നെ ആണ് . ഈ പുസ്തകം വായിച്ചവരുടെ ഒരു പ്രതിനിധി എന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാനാകും, ഈ പുസ്തകം വായിച്ച് കഴിയുമ്പോഴേയ്ക്കും ഈശോ നിങ്ങളുടെ ഒരു സന്തത സഹചാരി ആയി മാറിയിരിക്കും എന്ന് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.