വീരേതിഹാസം രചിച്ച സഭയുടെ കിരീടം ഇനി സ്വർഗ്ഗത്തിന് സ്വന്തം

വീരേതിഹാസം രചിച്ച സഭയുടെ കിരീടം ഇനി സ്വർഗ്ഗത്തിന് സ്വന്തം

ജിൻസ് നല്ലേപ്പറമ്പൻ

സഭയുടെ കിരീടമെന്ന് ബനെഡിക്ട് മാർപ്പാപ്പ വിശേഷിപ്പിച്ച അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിനെ അടുത്തറിയുന്നത് ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബക്കൂട്ടായ്മാ മുഖപത്രമായ സത്യദർശനമാലയുടെ എഡിറ്റോറിയൽ ബോർഡംഗമായി സേവനം ചെയ്യുന്ന കാലയളവിലാണ്.

ജോസ് കൊച്ചു പറമ്പിലച്ചൻ , എബി പുതുക്കുളങ്ങരയച്ചൻ മാത്യു ചൂരവടിയച്ചൻ , മോബൻ ചൂരവടി എന്നിവരോടൊപ്പം പലപ്രാവശ്യം പിതാവുമായി ചെറു സംഭാഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സത്യദർശനമാലയ്ക്കു വേണ്ടി അഭിവന്ദ്യ പിതാവിനെ ബിജോയ് അറയ്ക്കൽ അച്ചനോടൊപ്പം ഇൻ്റർവ്യൂ ചെയ്യാൻ പോയ ദിവസം പിതാവുമായി ദീർഘമായ സംഭാഷണത്തിൽ ഏർപ്പെടാൻ സാധിച്ചു. വാർധക്യത്തിൻ്റെ ക്ഷീണം ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ആരാധനാക്രമം മുതൽ രാഷ്ട്രീയം വരെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അന്ന് പിതാവ് സംസാരിച്ചു.

2012ൽ എൻ്റെ കല്യാണം ഉറപ്പിച്ചപ്പോൾ പൗവ്വത്തിൽ പിതാവിനെ കണ്ട് പിതാവ് എന്നെ കെട്ടിക്കണം എന്നാണ് എൻ്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അനാരോഗ്യത്തെ അവഗണിച്ചുകൊണ്ട് പിതാവ് സന്തോഷത്തോടെ അത് സമ്മതിക്കുകയും വിവാഹം കൂദാശ ചെയ്ത് അനുഗ്രഹിക്കുകയും ചെയ്തു. നിൽക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് കസേരയിൽ ഇരുന്നുകൊണ്ടാണ് അന്ന് പിതാവ് സന്ദേശം നൽകിയത്. വിവാഹത്തിനു ശേഷം ദിവ്യയോടൊപ്പം പിതാവിനെ കണ്ട് നന്ദി പറയാൻ പോയപ്പോൾ പിതൃനിർവിശേഷമായ സ്നേഹത്തോടെ സ്വീകരിക്കുകയും ഞങ്ങൾ രണ്ടു പേർക്കും ഓരോ കൊന്ത സമ്മാനമായി നൽകി അനുഗ്രഹിക്കുകയും ചെയ്തു.

പിതാവിൻ്റെ നവതി ആഘോഷവേളയിൽ സത്യദർശനമാലയിൽ പിതാവിനെക്കുറിച്ച് 'ഉറങ്ങാത്ത കാവൽക്കാരൻ' എന്ന തലക്കെട്ടിൽ ഒരു ലേഖനം ഞാൻ എഴുതുകയുണ്ടായി. ഏതാനും ആഴ്ചകൾക്ക് ശേഷം എനിക്കൊരു കത്ത് ലഭിച്ചു. തൻ്റെ സ്വന്തം കൈപ്പടയിൽ പിതാവ് എഴുതിയ കത്ത്. തന്നെക്കുറിച്ച് എഴുതിയ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് വിറയാർന്ന കൈപ്പടയിൽ പിതാവ് എനിക്ക് കത്തെഴുതിയിരിക്കുന്നു! സെമിനാരിക്കാർക്കും അച്ചന്മാർക്കും വ്യക്തിപരമായി കത്തുകൾ അയയ്ക്കുന്ന പൗവ്വത്തിൽ പിതാവിനെക്കുറിച്ച് ജയിംസ് ചവറപ്പുഴ അച്ചനും സുനിൽ മുണ്ടിയാനിക്കൽ അച്ചനും പറഞ്ഞുള്ള അറിവ് ഉണ്ടായിരുന്നു. എങ്കിലും വാർധക്യത്തിൻ്റെ ബുദ്ധിമുട്ടുകളെ അവഗണിച്ചുകൊണ്ട് കർമനിരതനായിരിക്കുന്ന പൗവ്വത്തിൽ പിതാവിനെ ആ വിറയാർന്ന അക്ഷരങ്ങളിലൂടെ ഞാൻ കണ്ടു.

സഭയുടെ കിരീടം ഇനി സ്വർഗത്തിനു സ്വന്തമാവുകയാണ്. കടന്നു പോകുന്നത് മാർത്തോമാ നസ്രാണികളുടെ ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. സഭയേപ്രതി പീഡനങ്ങൾ, പരാതിയില്ലാതെ ഏറ്റുവാങ്ങിയ വിശുദ്ധ ജന്മമാണ്. വിജയസഭയിൽ അംഗമായി തീർന്നിരിക്കുന്ന പൗവ്വത്തിൽ പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ.....

——— സത്യദർശനമാലയിൽ പ്രസിദ്ധീകരിച്ച ലേഖനം———
 ഉറങ്ങാത്ത കാവൽക്കാരൻ
ധാർമികതയുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ അവസാനവാക്കിനായി ലോകം ഉറ്റു നോക്കുന്നത് റോമിലേക്കാണ്. മാർപ്പാപ്പ എന്തു പറയുന്നു, പ്രസ്തുത വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാടെന്താണ് എന്നൊക്കെ അറിയാൻ മാധ്യമങ്ങളും രാഷ്ട്രതലവന്മാരും ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ധാർമികതയെക്കുറിച്ചു പഠിപ്പിക്കുമ്പോൾ സഭയ്ക്ക് ‘തെറ്റാവരം‘ ഉണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും അംഗീകരിക്കുന്നവരാണ് ഏവരും. സഭയുടെ സുവിശേഷ ചൈതന്യവും, നിർഭയത്വവും, സഭയിൽ നിറഞ്ഞുനിൽക്കുന്ന ദൈവിക ജ്ഞാനവും പരിശുദ്ധാത്മാവിൻ്റെ ശക്തിയുമാണ് ഈ തെറ്റാവരത്തിൻ്റെ കാതൽ. കേരള സഭയിൽ ഈ ഗുണങ്ങളൊക്കെ ഒന്നു ചേർന്ന ഒരു ‘ആൾരൂപം‘ ഉണ്ട്. അതാണ് അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവ്. ആരാധനാക്രമം, ധാർമികത, വിദ്യാഭ്യാസം, ന്യൂനപക്ഷ അവകാശങ്ങൾ, എക്യുമെനിസം, മതസൌഹാർദം, രാഷ്ട്രീയം എന്നിങ്ങനെ വിഷയം ഏതുമായിക്കൊള്ളട്ടെ സഭയും സമൂഹവും കാതോർക്കുന്നത് പിതാവിൻ്റെ ജ്ഞാന വചസ്സുകൾക്കാണ്. സ്വന്തം അജഗണത്തിൻ്റെ സംരക്ഷണത്തിന് സ്ഥാനമാനങ്ങളെക്കാൾ പ്രാധാന്യം കല്പിക്കുന്ന ‘നല്ല ഇടയന്‘ അജഗണങ്ങൾക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. അതേകാരണത്താൽ തന്നെ സഭാ വിദ്വേഷികൾ തങ്ങളുടെ മുഖ്യ ശത്രുവായി പവ്വത്തിൽ പിതാവിനെ കാണുന്നു. എന്നാല്‍ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാതെ കൃത്യമായ പഠനത്തിനും വിചിന്തനത്തിനും ശേഷം അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ ശത്രുക്കളിൽ പോലും ആദരവുണര്‍ത്തുന്നതാണ്.

സഭയുടെ നന്മയ്ക്കു വേണ്ടി സദാ ജാഗരൂകമായ മനസ്സും, ദീർഘ വീക്ഷണവും പിതാവിൻ്റെ പ്രത്യേകതയാണ്. മോഹന വാഗ്ദാനങ്ങൾക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങൾ കണ്ടെത്തി സഭാമക്കളെ ബോധവത്കരിക്കുന്നതിൽ പിതാവിനുള്ള കഴിവ് മറ്റാര്‍ക്കെങ്കിലും ഉണ്ട് എന്നു തോന്നുന്നില്ല. സ്വാശ്രയ കോളേജ് പ്രശ്നത്തിൽ ‘സാമൂഹ്യ നീതി’ എന്ന പദത്തെ മുൻ നിർത്തി സഭാ സ്ഥാപനങ്ങൾ കൈയ്യടക്കാൻ ശ്രമിച്ച സര്‍ക്കാരിൻ്റെ ഗൂഢനീക്കത്തെ തിരിച്ചറിഞ്ഞു ചെറുത്ത പിതാവിനോട് നാമും നമ്മുടെ വരും തലമുറകളും കടപ്പെട്ടിരിക്കുന്നു. ഇന്‍ഡ്യൻ ഭരണഘടന നമുക്കു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല അവകാശം തന്നെയാണെന്ന് ഉറക്കെപ്പറയാൻ ഒരേഒരു പവ്വത്തിൽ പിതാവിനു മാത്രമേ സാധിക്കുമായിരുന്നുള്ളു. ഏതെങ്കിലും സ്ഥാപനങ്ങളിൽ തലവരിപ്പണമോ, കോഴയോ വാങ്ങുന്നുണ്ടെങ്കിൽ, ശിക്ഷിക്കാൻ അധികാരമുള്ള സര്‍ക്കാർ അതു കണ്ടെത്തി നടപടിയെടുക്കുകയാണു വേണ്ടത് എന്നു പറയുവാൻ പിതാവിനെ ശക്തമാക്കിയത് സുതാര്യമായ അദ്ദേഹത്തിൻ്റെ ജീവിതശൈലിയാണെന്നതിൽ തര്‍ക്കത്തിനടിസ്ഥാനമില്ല. പഠിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കുന്ന ഒരാൾക്കു മാത്രമേ ഇത്ര ധീരമായ നിലപാടുകൾ ജീവിതത്തിൽ സ്വീകരിക്കുന്നതിനു സാധിക്കൂ. സഭയ്ക്കെതിരായ കടന്നാക്രമണങ്ങളെ മുൻകൂട്ടി കണ്ടറിഞ്ഞു ചെറുക്കുന്ന ഉറങ്ങാത്ത കാവല്‍ക്കാരനാണ് അദ്ദേഹം. നമ്മുടെ വിശ്വാസവും തനിമയും സംരക്ഷിക്കാൻ നാം എത്രമാത്രം ജാഗ്രതയുള്ളവരായിരിക്കണം എന്നത് ഓരോ വിശ്വാസിയും പിതാവിൽനിന്നു പഠിക്കേണ്ടിയിരിക്കുന്നു.

കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ സിറോ മലബാർ സഭയുടെ അനന്യത അംഗീകരിക്കപ്പെടുന്നതിൽ അഭിവന്ദ്യ പിതാവു വഹിച്ച പങ്ക് ചരിത്രത്തിൻ്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ആഴമേറിയ പഠനവും, നിസ്വാർത്ഥമായ സഭാസ്നേഹവുമാണ് പവ്വത്തിൽ പിതാവിന്റെ നിലപാടുകൾക്ക് എപ്പോളും അടിസ്ഥാനമായി നിൽക്കുന്നത്.

മറ്റു ചില രാഷ്ട്രീയ-സമുദായ നേതാക്കളെപ്പോലെ മാധ്യമങ്ങളിൽ നിറഞ്ഞു നില്‍ക്കുന്നതിനു വേണ്ടി നാഴികയ്ക്കു നാൽപ്പതുവട്ടം ഏതു വിഷയത്തിലും പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തിയല്ല അദ്ദേഹം. പ്രതികരിക്കേണ്ട സമയങ്ങളിൽ ശക്തമായി പ്രതികരിക്കുകയും, ആവശ്യമായ സമയത്ത് അര്‍ത്ഥപൂർണമായ മൌനത്തോടെ വിവാദങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യുന്ന പിതാവ് നമുക്കേവർക്കും മാതൃകയാണ്. ആര്‍ച്ചുബിഷപ് സെവേരിയുസ് മാർ കുര്യാക്കോസ് ഒരിക്കൽ പവ്വത്തിൽ പിതാവിനെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്. “ലാളിത്യത്തിലും എളിമയിലും പൌവ്വത്തിൽ പിതാവ് ക്രൈസ്തവ സഭാധ്യക്ഷന്മാരിൽ എന്നും മാതൃകാപുരുഷന്‍ തന്നെ. അദ്ദേഹത്തിന്റെ മൌനം പോലും വാക്കുകളേക്കാൾ അർത്ഥഗർഭമാണ്”. ഈ വരികളില്‍ പവ്വത്തിൽ പിതാവിന്റെ വ്യക്തിത്വം കൃത്യമായി പ്രകാശിപ്പിക്കപ്പെടുന്നുണ്ട്. ഈ സന്തോഷ വേളയിൽ, ഇങ്ങനെയൊരു പിതാവിനെ നമുക്കു നല്‍കിയ മിശിഹായ്ക്കു നന്ദി അർപ്പിക്കുന്നു. അഭിവന്ദ്യ പിതാവ് എന്നും നമുക്കൊരു പാഠപുസ്തകമായിരിക്കട്ടെ.

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ്  എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.