തോൽവി വിനയായി: ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടം; നാട്ടിൽ പരമ്പര തോൽക്കുന്നത് നാല് വർഷത്തിന് ശേഷം

തോൽവി വിനയായി: ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടം; നാട്ടിൽ പരമ്പര തോൽക്കുന്നത് നാല് വർഷത്തിന് ശേഷം

ചെന്നൈ: ചെന്നൈയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ തോൽവിയോടെ ഐ.സി.സി.സി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. മൂന്നാം ഏകദിനത്തിൽ ജയവും പരമ്പരയും തേടിയിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നിൽ പൊരുതി വീഴുകയായിരുന്നു. ടെസ്റ്റിലെ പരാജയത്തിന് മധുരപ്രതികാരം വീട്ടിയ ഓസ്ട്രേലിയ 21 റൺസിന്റെ ജയവുമായാണ് പരമ്പര സ്വന്തമാക്കി.

ജയത്തോടെ ഏകദിന റാങ്കിങ്ങിൽ ഓസീസ് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുവർക്കും 113 റേറ്റിങ് പോയന്‍റാണുള്ളത്.

നാട്ടിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ വിജയം നേടിയാണ് ഈവർഷം ജനുവരിയിൽ ഇന്ത്യ ഒന്നാം നമ്പറിലെത്തിയത്. പിന്നാലെ ശ്രീലങ്കയെയും 3-0 ത്തിന് തകർത്ത് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ തുടർന്നുള്ള രണ്ടു മത്സരങ്ങളിലും അടിയറവ് പറയുകയായിരുന്നു.

ഇന്ത്യൻ മണ്ണിൽ ഏകദിനത്തിലും ടെസ്റ്റിലും ട്വന്‍റി20യിലുമായി തുടർച്ചയായ 26 പരമ്പര നേട്ടങ്ങൾക്കുശേഷം ആദ്യമായാണ് ഇന്ത്യ നാട്ടിൽ ഒരു പരമ്പര തോൽക്കുന്നത്. 2019 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുമ്പ് ഇന്ത്യ തോൽവി വഴങ്ങിയത്.

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായിരുന്നു. ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 248ൽ അവസാനിച്ചു. അർധ ശതകം നേടിയ വിരാട് കോഹ്‌ലിയാണ് (72 പന്തിൽ 54 റൺസ്) ടോപ് സ്കോറർ. ഓസ്ട്രേലിയക്കുവേണ്ടി സ്പിന്നർ ആദം സാംപ 10 ഓവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.