'അഞ്ച് തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം': കോവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

'അഞ്ച് തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം': കോവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ അഞ്ച് തലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

പരിശോധന, നിരീക്ഷണം, ചികിത്സ, വാക്സിനേഷന്‍, കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരുക ( ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷന്‍, കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയര്‍) എന്നിവയാണ് നിര്‍ദേശങ്ങള്‍. കോവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യാപനം കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരേണ്ടതുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരുന്നുകളും മറ്റ് സാമഗ്രികളും ആശുപത്രികളില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയ്ക്ക് ആവശ്യമായ ബെഡ്ഡുകളും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ആയിരത്തിന് മുകളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ രാജ്യത്ത് മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.