രാഹുലിനെതിരായ വിധിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ നീക്കം തുറന്നുകാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പതിനൊന്നരയോടെ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
മോഡി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു കൊണ്ടുള്ള കോടതി വിധിയേയും ബിജെപിയുടെ നിലപാടിനേയും നിയമപരമായും രാഷ്ടീയപരമായും നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം.
എന്നാല്‍ സൂറത്ത് കോടതി വിധിയിലൂടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനവും തുലാസിലായത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഇക്കാര്യത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കമെങ്കിലും അത് അത്രകണ്ട് വിജയിച്ചിട്ടില്ല.
രാഹുലിനെതിരായ വിധി തികച്ചും ജനാധിപത്യ വിരുദ്ധമെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് ചെറുക്കുന്നുണ്ടെങ്കിലും മിക്ക വിഷയങ്ങളിലും പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര മുന്നണിയുണ്ടാക്കാനും നേതൃസ്ഥാനം നേടാനും ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജി, ജെഡിയുവിന്റെ നിതീഷ് കുമാര്‍, ബിആര്‍എസിന്റെ ചന്ദ്രശേഖര്‍ റാവു, എന്‍സിപിയുടെ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് തുടങ്ങിയവര്‍ മൗനം പാലിച്ചിരിക്കുകയാണ്.
ആംആദ്മി പാര്‍ട്ടിയും സി.പി.എമ്മും കോണ്‍ഗ്രസ് സഖ്യകക്ഷികളായ ആര്‍ജെഡിയും ഡിഎംകെയും മാത്രമാണ് സംഭവത്തില്‍ പ്രധാനമായും പ്രതികരിച്ചത്.
അതിനിടെ സൂറത്ത് കോടതി വിധിയോടെ അയോഗ്യതയില്‍ കുടുങ്ങിയ രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉടന്‍ നടപടിയെടുക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.
2013 ലെ ലില്ലി തോമസ് വിധി മൂലമാണ് ശിക്ഷിക്കപ്പെടുന്ന ദിവസം തന്നെ സഭയിലെ അംഗത്വം നഷ്ടപ്പെടുന്നത്. ശിക്ഷ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ടെങ്കിലും കുറ്റക്കാരനായി പ്രഖ്യാപിച്ചത് രാഹുലിന് അയോഗ്യത കല്‍പ്പിക്കാന്‍ സാധ്യതയേറ്റി. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാതെ രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയാല്‍ ബിജെപി എതിര്‍ക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.