വത്തിക്കാനിൽ മലയാള ഗാനം മുഴങ്ങി; മാർപാപ്പയുടെ മുൻപിൽ പാടി സ്റ്റീഫൻ ദേവസിയും വിജയ് യേശുദാസും

വത്തിക്കാനിൽ മലയാള ഗാനം മുഴങ്ങി; മാർപാപ്പയുടെ മുൻപിൽ പാടി സ്റ്റീഫൻ ദേവസിയും വിജയ് യേശുദാസും

വത്തിക്കാൻ‌ സിറ്റി: ചരിത്ര നിമിഷം വത്തിക്കാനിൽ മാർപാപ്പയുടെ മുൻപിൽ മലയാള ഗാനം ആലപിച്ച് സ്റ്റീഫൻ ദേവസിയും വിജയ് യേശുദാസും. ജാതിഭേദം മതദ്വേഷം, ദൈവ സ്നേഹം വര്‍ണിച്ചീടാം എന്നീ ഗാനങ്ങളാണ് ഇരുവരും ചേർന്ന് ആലപിച്ചത്. സ്നേഹവും സൗഹൃദവും ദൈവ ഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാ മത പ്രതിനിധികളെയും ആകർഷിച്ചു.

ഇതര മതങ്ങളുമായുള്ള അടുപ്പത്തിനും സംവാദത്തിനും തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘നോസ്ത്ര എയ്താതേ’ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികാചരണമായിരുന്നു വേദി.

‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ മതനേതാക്കൾ പങ്കെടുത്തു. മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ ഈ വേദി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി. ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീത നിമിഷങ്ങളിൽ പങ്കുചേർന്നു. “നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാം” എന്ന് മതാന്തര സംവാദ തിരുസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട് പ്രസംഗത്തിൽ പറഞ്ഞു.

സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ വി ആര്‍ ദ ന്യൂ വേള്‍ഡ് പാട്ടില്‍ മലയാളവും കൂടി ഉള്‍പ്പെട്ടത് അവസാനനിമിഷത്തിലാണ്.
മലയാളി എന്ന പേരില്‍ അഭിമാന നിമിഷമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. തന്റെ പിതാവ് യേശുദാസും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും വിജയ് കൂട്ടിച്ചേർത്തു.

ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണും ആണ് വി ആര്‍ ദ് ന്യൂ വേള്‍ഡ് ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.