2020 ലെ ഡല്‍ഹി കലാപം: രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമമെന്ന് ഡല്‍ഹി പൊലീസിന്റെ സത്യവാങ്മൂലം

2020 ലെ ഡല്‍ഹി കലാപം: രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമമെന്ന് ഡല്‍ഹി പൊലീസിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഡല്‍ഹി പൊലീസ്. കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന വിവരം ഉള്ളത്.

തലസ്ഥാന നഗരിയെ വിറപ്പിച്ച അക്രമം പെട്ടെന്നുണ്ടായ ജനരോഷം ആയിരുന്നില്ലെന്നും മറിച്ച് ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടിത അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് ഡല്‍ഹി പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

കേസിലെ പ്രതികളും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുമായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. കലാപം വര്‍ഗീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സിഎഎ നിയമത്തിനെതിരായ ജനാഭിപ്രായം ആയുധമാക്കി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ ആക്രമണം നടത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു. പകരം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏകോപിതമായ ശ്രമമായിരുന്നുവെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, അസം, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനമായിരുന്നു ഡല്‍ഹിയില്‍ നടന്നതെന്നും പൊലീസ് പറയുന്നു.

സംഭവത്തിലെ പ്രധാന പ്രതികളായ ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും ഗൂഢാലോചനയിലെ ബുദ്ധി കേന്ദ്രം (Intellectual Architects) എന്നാണ് ഡല്‍ഹി പൊലീസ് വിശേഷിപ്പിച്ചത്. 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ആദ്യകാല സംഘാടകരില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗങ്ങള്‍, ലഘുലേഖകള്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് ഇവര്‍ ജനക്കൂട്ടത്തെ അണിനിരത്തിയത്. ഇതാണ് പിന്നീട് അക്രമം അഴിച്ചുവിടാനുള്ള ഏകോപിത പദ്ധതിയായി പരിണമിച്ചതെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്.

കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവരും ഉണ്ടായിരുന്നില്ല എന്നുള്ളത് ഇവരെ കുറ്റവിമുക്തരാക്കുന്നില്ല. അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല അനാവശ്യമായി ഹര്‍ജികള്‍ നല്‍കി നീതിന്യായ പ്രക്രിയയെ ദുരുപയോഗിച്ച് വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.