ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തമാകുന്നു: ചരിത്ര സ്മാരകം കത്തിച്ചു; ബ്രിട്ടണിലെ ചാള്‍സ് രാജാവിന്റെ സന്ദര്‍ശനം മാറ്റി

ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തമാകുന്നു: ചരിത്ര സ്മാരകം കത്തിച്ചു; ബ്രിട്ടണിലെ ചാള്‍സ്  രാജാവിന്റെ സന്ദര്‍ശനം മാറ്റി

പാരിസ്: പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ ഫ്രാന്‍സില്‍ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. ചരിത്ര പ്രാധാന്യമുള്ള ബോര്‍ഡോ മന്ദിരത്തിന് പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം തീയിട്ടു.

ഫയര്‍ഫോഴ്‌സ് തീകെടുത്തിയെങ്കിലും ഹാളിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. യുനെസ്‌കോ ചരിത്രസ്മാരക മന്ദിരങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളതാണ് ബോര്‍ഡോ.

തെരുവില്‍ വേസ്റ്റ് ബിന്നുകളും ഇ-സ്‌കൂട്ടറുകളും മറ്റും കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന ജീവനക്കാരുടെ പ്രതിഷേധം കൂടുതല്‍ അക്രമത്തിലേക്ക് തിരിഞ്ഞതോടെ പാരിസില്‍ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. 903 ഷെല്ലുകള്‍ പ്രയോഗിച്ചതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ ഡര്‍മാനിയന്‍ പറഞ്ഞു.

പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 ആക്കുന്നതിനെതിരെയാണ് പ്രക്ഷോഭം.പരിഷ്‌കരണം നടപ്പാക്കുമെന്ന വാശിയിലാണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

അതിനിടെ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ മൂന്നു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം മാറ്റിവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാറ്റം. ഞായറാഴ്ച പത്‌നി കാമിലയോടൊപ്പം പാരിസില്‍ എത്തിയ ശേഷം ബോര്‍ഡോ നഗരം സന്ദര്‍ശിക്കുന്ന രീതിയിലായിരുന്നു കിംഗ് ചാള്‍സ് മൂന്നാമന്റെ യാത്രാ പരിപാടി.

പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായ ശക്തമായ പ്രക്ഷോഭം പാരിസിലും ബോര്‍ഡോ നഗരത്തിലും വ്യാപിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റി വയ്ക്കണമെന്ന് പ്രസിഡന്റ് മാക്രോണ്‍ അഭ്യര്‍ത്ഥിച്ചത്. എല്ലാ തയ്യാറെടുപ്പുകളും പൂത്തിയാക്കിയ ശേഷമാണ് സന്ദര്‍ശനം നീട്ടി വയ്ക്കുന്നത്. പരിപാടി കവര്‍ ചെയ്യുന്നതിനായി പല ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകരും നേരത്തെ തന്നെ പാരിസില്‍ എത്തിച്ചേര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.