മാർ പൗവ്വത്തിലും ചില രാഷ്ട്രീയ വിവാദങ്ങളും

മാർ പൗവ്വത്തിലും ചില രാഷ്ട്രീയ വിവാദങ്ങളും

കെ സി ജോൺ കല്ലുപുരയ്ക്കൽ

മാർ ജോസഫ് പൗവ്വത്തിൽ പിതാവ് നിത്യ സമ്മാനത്തിനായി ദൈവ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി. അന്ത്യശുശ്രൂഷകളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സഭയുടെ ഉത്തമനായ ആ സഭാ ശ്രേഷ്ഠനോട് ചില പൈശാചിക ശക്തികൾ നടത്തിയ ആക്രമണങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനുണ്ടായ പ്രചോദനമാണ്‌ ഈ ഓർമ്മക്കുറിപ്പ്.

മാതാവിന്റെ സ്വർഗ്ഗാരോപണ ദിനത്തിന്റെ തലേനാൾ, അതായത് 1930-ഓഗസ്റ്റ് പതിനാലാം തീയതി ജനിച്ച് 2023 ൽ യൗസേപ്പിതാവിന്റെ മരണ തിരുനാളിന്റെ തലേദിവസം അതായത്,മാർച്ച്‌ 18ന് തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ കാലം ചെയ്ത പിതാവിന്റെ ജീവിതം സഭയോടൊത്തും സഭക്ക് വേണ്ടിയും ആയിരുന്നു എന്നുള്ളത് സീറോ മലബാർ സഭയേയും ആഗോള സഭയെയും ഈശോയുടെ മൗതീക ശരീരമായി അംഗീകരിച്ച് ജീവിക്കുന്ന ഏതൊരു കത്തോലിക്കനും അംഗീകരിക്കുന്ന ഒരു സത്യം ആണ്. എങ്കിലും തികച്ചും അകാരണമായ വിവാദങ്ങൾ  ഉണ്ടാക്കി മാധ്യമങ്ങളും രാഷ്ട്രീയക്കാരും പിതാവിനെ ക്രൂശിക്കാൻ ഇടയാക്കിയ ചില സംഭവങ്ങൾ ഈ അവസരത്തിൽ ഓർമയിലേക്ക് കടന്നു വരുന്നു.

ഒരിക്കൽ അതിരൂപത മാതൃജോതിസ് പിതൃവേദിയുടെ ഒരു ഫോറോന വാർഷികത്തിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണം എന്നുള്ള സദുദേശപരമായ  ഉപദേശത്തെ വർഗീയതയുടെയും സാമുദായിക ചേരിതിരിവിന്റെയും അടയാളമാക്കി മുദ്രകുത്തി, നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമവിചാരണക്കാരും പിതാവിനെ ക്രൂശിക്കാൻ നടത്തിയ പ്രതികരണങ്ങൾ അതീവ നിന്ദ്യമായിരുന്നു. ക്രിസ്തീയ സമൂഹം വിദ്യാഭാസ രംഗത്തും മറ്റു സാമൂഹ്യ രംഗത്തും നാടിനു നൽകിയ സേവനങ്ങളെ മറന്നു പോയ ഒരു തലമുറയുടെ വക്താക്കളായി ഈ വിമർശകർ മാറി എന്നുള്ളത് ഖേദകരമാണ്.

സഖാവ് ടി വി തോമസ് ഗുരുതരമായ രോഗാവസ്ഥയിൽ ആയിരുന്ന അവസരത്തിൽ പിതാവ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. സഭയുമായി രമ്യപ്പെട്ടു കൂദാശകൾ സ്വീകരിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ, “അതിന് ആഗ്രഹം ഉണ്ട് പിതാവേ, അതു സമയമാകുമ്പോൾ ചെയ്ത് കൊള്ളാം” എന്നു മറുപടി കൊടുത്തു. ഈ വിവരം ഓർമ്മകുറിപ്പിൽ എഴുതിയ പിതാവിനെ ആക്രമിക്കാൻ പാർട്ടിക്കാർ സടകുടഞ്ഞെഴുന്നേറ്റു. മാമോദിസ സ്വീകരിച്ച ഏതൊരുവനും സഭയുടെ മകനാണ്. അവന്റെ  ആധ്യാല്മികകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ സഭാ ശുശ്രൂഷകർക്ക് കടമയുണ്ട്, അവകാശവുമുണ്ട്. ആ ദൗത്യനിർവ്വഹണത്തെ  ചീത്ത വിളികൾക്കും വിമർശനങ്ങൾക്കും തകർക്കാനാവില്ല.

70കളിലെ വിദ്യാഭ്യാസ സമരകാലത്ത് സഖാവ് ടി.വി തോമസ് അരമനയിൽ എത്തുകയും അന്ന് നടന്ന വിദ്യാഭ്യാസ സമരത്തിൽ നിന്ന് ഒരിക്കലും പിന്മാറരുത് എന്ന് പിതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്ത വിവരം പിതാവ് പാസ്റ്ററൽ കൗൺസിലിൽ പങ്കു വച്ചിരുന്നു.
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാനുള്ള തല്പര കക്ഷികളുടെ കുതന്ത്രങ്ങൾ മാർ പൗവ്വത്തിലിന് മുന്നിൽ തകർന്നടിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഴമേറിയ വിശകലന പാടവവും ഇന്ത്യൻ ഭരണഘടനപരമായ അറിവും എതിരാളികളെ നിഷ്പ്രഭമാക്കി. ഭാരത ക്രൈസ്തവരുടെ ധൈഷണിക നേതൃത്വമായിരുന്നു മാർ ജോസഫ് പൗവ്വത്തിലിന്; ഈടുള്ള ലേഖനങ്ങളിലൂടെയും അർത്ഥവത്തായ നിലപാടുകളിലെയും മരണം വരെ ആ സ്ഥാനം അദ്ദേഹം നിലനിറുത്തി.

അഭിപ്രായ വ്യത്യാസങ്ങളുടെ മദ്ധ്യേ സ്നേഹത്തിലും ഐക്യത്തിലും എതിരാളികളോട് പോലും വർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതിന്റെ പ്രതിഫലനമാണ് പിതാവിനെ വളരെയധികം വിമർശിച്ചിരുന്ന നേതാക്കൾ പോലും അരമനയിൽ പിതാവിനെ സന്ദർശിക്കാൻ വന്നിട്ടുള്ളത്.ചങ്ങനാശേരിയിലുള്ള വ്യത്യസ്ത സമുദായങ്ങളുമായി സ്നേഹബന്ധം പുലർത്തിയിരുന്ന അദ്ദേഹം ക്രൈസ്തവ സഭകൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ അപ്പസ്തോലനായിരുന്നു. മഹാ ഇടയന്റെ ഓർമകൾക്ക് മുന്നിൽ അഞ്ജലീബദ്ധരായി സഭയും സമൂഹവും നിൽക്കുമ്പോൾ നന്മയുടെ പരിമളം പരത്തിക്കൊണ്ട് സ്വർഗത്തിൽ നമ്മുക്കായി ഒരു മധ്യസ്ഥനെക്കൂടി ലഭിച്ചിരിക്കുന്നു എന്നതിൽ സന്തോഷിക്കാം.

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26