നാലാമത് അന്താരാഷ്ട്ര മിഷൻ കോൺഗ്രസ്‌ തൃശൂരിൽ

നാലാമത് അന്താരാഷ്ട്ര മിഷൻ കോൺഗ്രസ്‌ തൃശൂരിൽ

തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2023 ഏപ്രിൽ 19 മുതൽ 24 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്ക ന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം മിഷൻ കോൺഗ്രസ് എന്ന ഈ അന്തർദ്ദേശീയ സംഗമം മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും കേരള സഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. അഖിലേന്ത്യാ തലത്തിൽ, മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ മിഷൻകേന്ദ്രങ്ങൾ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്സിബിഷൻ, മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, ലോകപ്രശസ്ത ധ്യാനഗുരുവായ ഫാ. ജുസപ്പെ ദെ നാർദിയും സംഘവും നയിക്കുന്ന വൈദികധ്യാനം, വ്യത്യസ്ത സംസ്കാരത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘കൾച്ചറൽ എക്സ്ചേഞ്ച്' പരിപാടികൾ.

വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാൻ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്പ് ’ തുടങ്ങി നിരവധി പരിപാടികളാണ് നാലാമത് ജിജിഎം മിഷൻ കോൺഗ്രസിൽ ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യ പിതാക്കന്മാർ വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സിസ്റ്റേഴ്സ്, സെമിനാരിക്കാർ, അത്മായ ശുശ്രൂഷകർ, കാറ്റികിസം അധ്യാപകർ, കാറ്റികിസം വിദ്യാർത്ഥികൾ, യുവാക്കൾ, ജോലിയിൽ നിന്നും വിരമിച്ചവർ, ഹിന്ദി സംസാരിക്കുന്നവർ, വലിയ കുടുംബങ്ങൾ തുടങ്ങിയവർക്കായി വ്യത്യസ്ത കൂട്ടായ്മകൾ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ടോണി നീലങ്കാവിൽ, ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ, ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് യോഹന്നാൻ മാർ തിയോഡോസിയൂസ്, ബിഷപ്പ് ജോർജ് ഞെരളക്കാട്ട്, ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വിക്ടർ ലിംഗ്ദോ, ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് പി.കെ. ജോർജ്, ബിഷപ്പ് തോമസ് പുല്ലോപ്പള്ളിൽ, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിൽബർട്ട് തുടങ്ങി നിരവധി അഭിവന്ദ്യ പിതാക്കന്മാർ ദിവ്യബലി അർപ്പിക്കാനും മറ്റു പരിപാടികൾക്ക് നേതൃത്വം നൽകാനും മിഷൻ കോൺഗ്രസിലുണ്ടായിരിക്കും.

ഇസ്രായേൽ ‘കൊയ്നാനിയ ജോൺ ദ ബാപ്റ്റിസ്റ്റ്’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘ഫിലിപ്പ് കോഴ്സി’ൽ പങ്കെടുക്കാൻ ഏവർക്കും മിഷൻ കോൺഗ്രസ് അവസരമൊരുക്കുന്നു. ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണമെന്ന് ഫിയാത്ത് മിഷൻ അറിയിച്ചു.

മിഷൻ കോൺഗ്രസ് മൂന്നാം ദിനമായ ഏപ്രിൽ 21 വെള്ളിയാഴ്ച ‘മിഷൻ ഡേ’ യായി പ്രത്യേകം ആഘോഷിക്കുന്നു. ഏവർക്കും പൊതുവായി പങ്കെടുക്കാവുന്ന അനുഗ്രഹദായകമായ പ്രസ്തുതദിവസത്തിലെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഷംഷാബാദ് മിഷൻ രൂപതാ മെത്രാൻ ബിഷപ്പ് മാർ റാഫേൽതട്ടിലാണ്. ‘മാഗ്നിഫിക്കാത്ത് കൊച്ചി ’ നേതൃത്വം നൽകുന്ന ‘നൈറ്റ് വിജിൽ' അന്നേദിനത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതകളിലൊന്നാണ്.

തീവ്രവാദികളാൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ട അനുഭവം ദൈവകാരുണ്യത്താൽ മറികടന്ന കാമറൂണിൽ നിന്നുള്ള വൈദികൻ ഫാ. ജൂഡ് തദേവൂസ് ലാങ്കെയുടെ സാന്നിദ്ധ്യം മിഷനറിമാർക്ക് പുതുചൈതന്യം പകർന്നു നൽകുന്നതായിരിക്കും. ഏപ്രിൽ 22 ശനിയാഴ്ച ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന കാറ്റികിസം അധ്യാപകർക്കുള്ള കൂട്ടായ്മ അധ്യാപകർക്ക് ഒരു പുതുദിശാബോധം നൽകുമെന്നുറപ്പാണ്. ഒറീസയിൽ നിന്നും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മ്യൂസിക് ബാൻഡുകൾ ഈ മിഷൻ മഹാസംഗമം സംഗീതസാന്ദ്രമാക്കും.

ബൈബിൾ ചരിത്രവും വിവിധങ്ങളായ ബൈബിൾ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതി വിപുലമായ ‘ബൈബിൾ എക്സ്പോ’, വിശ്വാസികളിൽ മിഷൻ തീക്ഷ്ണത വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമുകൾ പ്രദർശിപ്പിക്കുന്ന ‘ഷോർട് ഫിലിം ഫെസ്റ്റ്’, ഭാരതത്തിനകത്തും പുറത്തും സ്തുത്യർഹമായ സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന ‘മിഷൻ അവാർഡ് സെറിമണി’ എന്നിവ കോൺഗ്രസിന്റെ ആകർഷക ഘടകങ്ങളിൽ ചിലതാണ്.

ആത്മീയ ഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയതെന്ന് ഫിയാത്ത് മിഷനറിമാർ പറയുന്നു. ഇതുവഴി ഭാരത സഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനത്തിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധതയറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദൈവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻപ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്ക് സാധിച്ചു.

ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജിജിഎം മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചു വരുന്നത്. തൃശൂരിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന മിഷൻ കോൺഗ്രസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് മിഷൻ കോൺഗ്രസ് കോ-ഓർഡിനേറ്ററായ സിജോ ഔസേപ്പുമായി ബന്ധപ്പെടാവുന്നതാണ്.(8893553035)

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് ഫിയാത്ത് മിഷൻ മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു.

ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണ വിതരണശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി പ്രതിജ്ഞാബദ്ധരായ ഫിയാത്ത് മിഷന്റെര ക്ഷാധികാരികൾ ബിഷപ്പ് മാർബോസ്കോ പുത്തൂർ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എസ്.വി.ഡി., ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.