പ്രവാസവിശ്വാസികൾക്ക് ദിശാബോധം നൽകിയ അജപാലകൻ

പ്രവാസവിശ്വാസികൾക്ക് ദിശാബോധം നൽകിയ അജപാലകൻ

ജേക്കബ് പൈനേടത്ത്  കുവൈറ്റ് എസ് എം  സി എ  സ്ഥാപക ജനറൽ സെക്രട്ടറി 

കുവൈറ്റ് - ഇറാക്ക് യുദ്ധത്തെത്തുടർന്ന് നാട്ടിലേക്ക് പാലായനം ചെയ്തവർക്ക് തങ്ങളുടെ മക്കളെ നാട്ടിൽ വിദ്യാഭ്യാസവും ആദ്ധ്യാത്മിക കാര്യങ്ങളും നടത്തപ്പെടുവാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. യുദ്ധമവസാനിച്ച് തിരികെ കുവൈറ്റിലെത്തിയ സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ മക്കളെ സീറോ മലബാർ വിശ്വാസ സംരക്ഷണത്തിൽ വളർത്തുവാൻ തീരുമാനിച്ചു.ഇതനുസരിച്ച് കുവൈറ്റിൻ്റെ വിവിധ മേഖലകളിൽ നിന്ന് ഒന്നിച്ച് കൂടിയ 18 സീറോ മലബാർ വിശ്വാസികൾ സീറോ മലബാർ കൾച്ചറൽ അസോസിയേഷന് (എസ് എം സി എ ) രൂപം കൊടുത്തു.

സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ നാട്ടിൽ നിന്ന് ഒരു സീറോ മലബാർ സഭാംഗമായ വൈദികൻ വേണമെന്ന് തീരുമാനിച്ചതനുസരിച്ച് ചങ്ങനാശേരി പാറേൽ പള്ളി വികാരിയായിരുന്ന ദിവഗംതനായ ജോൺ പുരയ്ക്കലച്ചനെ ബന്ധപ്പെടുകയും അദ്ദേഹം വരുവാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു.

ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ അനുവാദത്തോടെ സംഘടനയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഫാ. ജോൺ പുരയ്ക്കൽ നിർവഹിച്ചു.ഇതേത്തുടർന്നുണ്ടായ കോളിളക്കങ്ങൾ സമയാസമയങ്ങളിൽ ഫാ.ജോൺ പുരയ്ക്കൽ പൗവ്വത്തിൽ പിതാവിനെ അറിയിച്ചുകൊണ്ടിരുന്നു. ഒരു കാരണവശാലും സീറോ മലബാർ സഭാംഗങ്ങൾ ഒന്നിക്കുവാൻ പാടില്ലെന്ന നിലപാടാണ് അന്നത്തെ കുവൈറ്റ് സഭാനേതൃത്വം കൈക്കൊണ്ടത്.

സീറോ മലബാർ റീത്തിൽ പ്രൈവറ്റായി വി.കുർബാന അർപ്പിക്കാനേ ഒരു മാസം മുഴുവൻ ജോണച്ചനു കഴിഞ്ഞിരുന്നുള്ളു. എങ്കിലും സീറോ മലബാർ വിശ്വാസികളുടെ തീവ്രതയും ആവേശവും പിതാവിനെ ധരിപ്പിക്കുകയും പിതാവിനോട് കുവൈറ്റ് സന്ദർശിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.

എസ് എം സി എ യുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റ് സഭാനേതൃത്വത്തിൻ്റെ എതിർപ്പുകളെ അവഗണിച്ച് 1997 ഏപ്രിലിൽ മൂന്ന് ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനായി പൗവ്വത്തിൽ പിതാവ് ഇന്ത്യൻ എംബസിയുടെ അതിഥിതിയായി കുവൈറ്റിൽ വന്നു. ഒരു സീറോ മലബാർ ബിഷപ്പിൻ്റെ ഗൾഫിലെ ആദ്യ സന്ദർശനമായിരുന്നു അത്. മൂന്ന് ദിവസവും ഹോളി ഫാമിലി കത്തീഡ്രലിൽ പിതാവ് വി.കുർബാന അർപ്പിച്ചു.കത്തീഡ്രലിൽ വി. കുർബാന അർപ്പിക്കുന്ന ആദ്യത്തെ സീറോ മലബാർ ബിഷപ്പാണ് മാർ പൗവ്വത്തിൽ.

കുവൈറ്റിലെ നാലു ഏരിയായിലുമുള്ള സമ്മേളനങ്ങൾ,ഇന്ത്യൻ ആർട്സ് സർക്കിളിലെ പൊതുസമ്മേളനം, ഇന്ത്യൻ സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിലെ ബാലദീപ്തി സമ്മേളനം തുടങ്ങി വിശ്രമമില്ലാത്ത പരിപാടികളായിരിക്കുമ്പോഴും കുവൈറ്റ് സഭാനേതൃത്വം, സീറോ മലബാറിൽപ്പെട്ട ചുരുക്കം ചിലരെക്കൊണ്ട് തെറ്റിധാരണ പരത്തുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിജയിച്ചിരുന്നു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ തൻ്റെ സന്ദർശനോദ്ദേശത്തിൽ മാത്രം പിതാവ് ശ്രദ്ധിച്ചു.

പിതാവിൻ്റെ കുവൈറ്റ് സന്ദർശനത്തോടെയാണ് സഭാ മക്കൾക്ക് ഈ സംഘടനയുടെ പ്രസക്തി ബോദ്ധ്യപ്പെട്ടത്.രണ്ടാം വത്തിക്കാൻ കൗൺസിലിലെ പ്രമാണരേഖകൾ ഉദ്ധരിച്ചു കൊണ്ടാണ് സഭാംഗങ്ങളുടെ അവകാശങ്ങൾ പിതാവ് പറഞ്ഞു തന്നത്.  മൂന്ന് ദിവസം മെറിഡിയൻ ഹോട്ടലിൽ താമസിച്ച അദ്ദേഹത്തിന് ചുരുക്കം മണിക്കൂറുകൾ ഉറക്കത്തിനു മാത്രമേ ഹോട്ടൽ ഉപകരിച്ചുള്ളു. ഈ മൂന്നു ദിവസവും ഏറ്റവും കൂടുതൽ സമയം അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു.തുടക്കത്തിൽ സംഘടനയ്ക്ക് പ്രത്യേക ഓഫീസ് ഇല്ലാതിരുന്നതിനാൽ സെക്രട്ടറിയെന്ന നിലയിൽ എല്ലാ ഫയലുകളും എൻ്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നതു്. ഫയലുകൾ സസൂക്ഷ്മം വീക്ഷിച്ച പിതാവ് പറഞ്ഞത് ഇപ്രകാരമാണ് 'ഒരു രൂപതയ്ക്ക് ചെയ്യുവാൻ കഴിയുന്നത്ര കാര്യങ്ങൾ ഈ ഒരു വർഷം നിങ്ങൾ ചെയ്തു. ഇതു പോലെ തന്നെ മുന്നോട്ട് പോകുക.' അവസാനമായി തലയിൽ കൈകൾ വച്ച് ആശീർവദിച്ച് പറഞ്ഞ വാക്കുകൾ "പ്രതിസന്ധികൾ ധാരാളം ഉണ്ടാകും തളരരുത് സ്ഥിര സംവിധാമുണ്ടാകുന്നതുവരെ പ്രാർത്ഥിച്ച് മുന്നോട്ടു പോകുക." എന്നായിരുന്നു.

പിതാവേ,
എസ് എം സി എ അങ്ങയുടെ ഉപദേശം കഴിഞ്ഞ 26 വർഷമായി ശിരസാവഹിക്കുന്നു. സീറോ മലബാർ വിശ്വാസികൾ ലോകത്തിൻ്റെ ഏതൊരു ഭാഗത്തായാലും തങ്ങളുടെ വിശ്വാസം സ്വന്തം റീത്തിൽ കൂടി നിലനിർത്തേണ്ടതാണെന്നും, അതിനുള്ള അവസരം മറ്റു റീത്തുകളിൽപ്പെട്ടവരാണെങ്കിലും ചെയ്തു തരേണ്ടതാണെന്നും, അതു് നമ്മുടെ അവകാശമാണെന്നും, ദൃഢതയോടെ പഠിപ്പിച്ച അങ്ങേയ്ക്ക് പ്രണാമം! പ്രാർത്ഥനാജ്ഞലികൾ!

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.