ടെല്‍ അവീവ്: പ്രതിഷേധം രാജ്യവ്യാപകമാവുകയും പല രാജ്യങ്ങളിലെയും ഇസ്രയേല്‍ എംബസികളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവാദ നിയമ പരിഷ്‌കരണ നടപടികള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ മാറ്റിവെച്ചു.
നിയമ പരിഷ്‌കരണം ഒരു മാസത്തിനു ശേഷം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.
ജഡ്ജിമാരുടെ നിയമനവും പുറത്താക്കലും ഉള്‍പ്പെടെയുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതടക്കമുള്ള ഒട്ടനവധി വിവാദ പരിഷ്‌ക്കാരങ്ങളാണ് നിയമത്തിലുള്ളത്. കോടതിവിധിയെ മറികടന്ന് മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും.
സ്വന്തം പാര്‍ട്ടിയായ ലിക്കുഡിനകത്തും നെതന്യാഹുവിന് പൂര്‍ണ പിന്തുണയില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രിയായിരുന്ന ഗാലന്റിന്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. നിയമത്തെക്കുറിച്ച് വേറിട്ട അഭിപ്രായം പങ്കുവച്ച ഗാലന്റിനെ നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യമെങ്ങും പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.