മാര്‍പാപ്പയ്ക്കും സന്യസ്തര്‍ക്കുമെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ വിവാദ പരാമര്‍ശം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ്

മാര്‍പാപ്പയ്ക്കും സന്യസ്തര്‍ക്കുമെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ വിവാദ പരാമര്‍ശം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ്

വൈദിക വസ്ത്രം ധരിച്ചവരെ ആട്ടിപ്പായിക്കണമെന്ന് ആഹ്വാനം.

ഗാന്ധിനഗര്‍: മാര്‍പാപ്പയ്ക്കും സന്യസ്തര്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ഇഗ്നേഷ്യസ് മക്വാന്‍. ഈ ആവശ്യമുന്നയിച്ച് അദേഹം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപാല്‍ പട്ടേലിന് കത്തെഴുതി.

കഴിഞ്ഞ മാര്‍ച്ച് 19 ന് നടന്ന ഒരു പരിപാടിയിലാണ് മാര്‍പാപ്പയെയും വൈദികരെയും മറ്റ് സന്യസ്തരെയും അപമാനിക്കുന്ന വിധം വളരെ മോശമായ പരാമര്‍ശം വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കന്യാസ്ത്രീകള്‍ വ്രതം എടുക്കുമ്പോള്‍ അവര്‍ മാര്‍പാപ്പയെയാണ് വിവാഹം ചെയ്യുന്നതെന്ന് നേതാവ് പറയുമ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റു പറയുന്നു.

ഇതിനെ വ്യഭിചാരവുമായി ബന്ധപ്പെടുത്തി വ്യഭിചാരം ചെയ്യുന്ന ആള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവകാശം ഇല്ലെന്നും ഹിന്ദുത്വ നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പറയുന്നു. വൈദിക വസ്ത്രം ധരിച്ചവരെ ആട്ടിപ്പായിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

വിശ്വഹിന്ദു നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് വേദനയും അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ഇഗ്നേഷ്യസ് മക്വാന്‍ തന്റെ കത്തില്‍ വ്യക്തമാക്കി. ജാതിയോ, മതമോ നോക്കാതെ മനുഷ്യരാശിക്ക് സേവനം ചെയ്യുന്ന വൈദികരുടെയും സന്യസ്തരുടെയും പ്രവര്‍ത്തനങ്ങളുടെ മേല്‍ അപകീര്‍ത്തി വരുത്തുന്ന പരാമര്‍ശങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് നടത്തിയതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും ഭീഷണികളുടെയും എണ്ണം വര്‍ധിക്കുന്നതിനാല്‍ ക്രൈസ്തവര്‍ വലിയ അരക്ഷിതാവസ്ഥയിലാണെന്ന് അദ്ദേഹം പരാതിയില്‍ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.