എൺപത്തിയാറാം മാർപ്പാപ്പ ജോണ്‍ ഏഴാമൻ (കേപ്പാമാരിലൂടെ ഭാഗം-86)

എൺപത്തിയാറാം മാർപ്പാപ്പ ജോണ്‍ ഏഴാമൻ (കേപ്പാമാരിലൂടെ ഭാഗം-86)

ജോണ്‍ ആറാമന്‍ പാപ്പായുടെ പിന്‍ഗാമിയും തിരുസഭയുടെ എണ്‍പത്തിയാറാമത്തെ തലവനുമായി ഏ.ഡി. 705 മാര്‍ച്ച് ഒന്നാം തിയതി ജോണ്‍ ഏഴാമന്‍ മാര്‍പ്പാപ്പ അഭിഷിക്തനായി. ബൈസന്റയിന്‍ രാജവംശത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തില്‍ നിന്നും തിരുസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ജോണ്‍ ഏഴാമന്‍ പാപ്പാ. അദ്ദേഹത്തിന്റെ പിതാവ് പ്ലേറ്റൊ അക്കാലത്ത് റോമിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. റോമിലെ പാലറ്റീന്‍ കുന്നിലുള്ള ചക്രവര്‍ത്തിയുടെ കൊട്ടാരങ്ങളുടെ കാര്യവിചാരിപ്പുകാരനായിരുന്നു അദ്ദേഹം. റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ജോണ്‍ ഏഴാമന്‍, മാര്‍പ്പാപ്പയായി അഭിഷേകം ചെയ്യപ്പെട്ടു.
തന്റെ ഭരണകാലത്ത് ജോണ്‍ പാപ്പാ ലൊംബാര്‍ഡ് ഗോത്രവുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ ബന്ധം സഭയുടെ നന്മയ്ക്കായി വിനിയോഗിക്കുവാന്‍ പാപ്പായ്ക്കു കഴിഞ്ഞു. തത്ഫലമായി മുന്‍ അവസരങ്ങളില്‍ റോമിനു നേരെ നടത്തിയ സൈനിക അക്രമങ്ങളിലൂടെ പിടിച്ചെടുത്ത ആൽപ്സ് പര്‍വത നിരയിലുള്ള പേപ്പല്‍ എസ്റ്റേറ്റുകള്‍ ലൊംബാര്‍ഡ് ഗോത്രത്തിന്റെ രാജാവ് പാപ്പായ്ക്ക് തിരികെ നല്‍കി.

എന്നാല്‍ ഏ.ഡി. 695-ല്‍ രാജകീയ സിംഹാസനത്തില്‍ നിന്നും നിഷ്‌കാസിതനായ ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി ഏ.ഡി. 706-ല്‍ വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളില്‍ അട്ടിമറിയിലൂടെ ചക്രവര്‍ത്തിയായി അധികാരത്തിലേറി. നിഷ്ഠൂരനും അനുകമ്പാരഹിതനുമായിരുന്ന ജസ്റ്റീനിയന്‍ ചക്രവര്‍ത്തി അധികാരത്തിലേറിയ ഉടനെ ട്രൂളന്‍ കൗണ്‍സിലിന്റെ കാനന്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പകര്‍പ്പുകളുമായി രണ്ടു മെത്രാന്മാരെ റോമിലേക്ക് അയച്ചു. സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പ അംഗീകരിക്കുവാനോ ഒപ്പിടുവാനോ തയ്യാറാകാതിരുന്ന പ്രസ്തുത കാനനുകളെ ജോണ്‍ ഏഴാമന്‍ പാപ്പായെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതായിരുന്നു ജസ്റ്റീനിയന്റെ ലക്ഷ്യം. സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പായെപ്പോലെ പ്രസ്തുത കാനനുകള്‍ അംഗീകരിക്കാതിരുന്നതുവഴി ചക്രവര്‍ത്തിയുമായി തുറന്ന പോരിന് തയ്യാറാകുവാന്‍ ജോണ്‍ പാപ്പാ തയ്യാറായിരുന്നില്ല. മറിച്ച് അദ്ദേഹം കാനനുകളുടെ പകര്‍പ്പുകളില്‍ തന്റെ മുദ്രപതിപ്പിക്കാതെ ചക്രവര്‍ത്തിയുടെ പ്രതിനിധിസംഘത്തെ തിരിച്ചയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ മറ്റു വിഷയങ്ങളില്‍ വ്യക്തമായി ബൈസന്റയിന്‍ നിലപാടുകളെ എതിര്‍ക്കുവാന്‍ പാപ്പാ തയ്യാറായിരുന്നു.

കലയെയും സംസ്‌കാരത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജോണ്‍ ഏഴാമന്‍ പാപ്പാ. പാലറ്റീൻ കുന്നുകളുടെ താഴ്‌വാരത്തില്‍ പാപ്പാ പുതിയൊരു പേപ്പല്‍ വസതി നിര്‍മിച്ചു. അതുപോലെ തന്നെ അനേകം ദേവാലയങ്ങള്‍ പുനരുദ്ധരിക്കുകയും മാര്‍ബിള്‍, സ്ഫടികം മുതലായവ കൊണ്ടും ചുവര്‍ചിത്രങ്ങള്‍ കൊണ്ടും അലങ്കരിക്കുകയും ചെയ്തു. അവയില്‍ ചിലത് അദ്ദേഹത്തിന്റെ തന്നെ ചിത്രീകരണങ്ങളും വര്‍ണ്ണനങ്ങളുമായിരുന്നു.
കേവലം രണ്ടു വര്‍ഷവും ഏഴുമാസവും പതിനെട്ടുദിവസവും മാത്രമായിരുന്നു ജോണ്‍ ഏഴാമന്‍ പാപ്പായുടെ ഭരണകാലം. ഏ.ഡി. 707 ഒക്ടോബര്‍ 18-ാം തീയതി ജോണ്‍ പാപ്പാ കാലം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയോട് ചേര്‍ന്ന് പാപ്പാ നിര്‍മ്മിച്ച പരി. കന്യകാമറിയത്തിന്റെ കപ്പേളയില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.