അട്ടപ്പാടി മധു വധക്കേസില്‍ പ്രത്യേക കോടതി വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസില്‍ പ്രത്യേക കോടതി വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക.

ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് പ്രതികള്‍. 127 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 101 പേരെ വിസ്തരിച്ചു. 76 പേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു. ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

2018 ഫെബ്രുവരി 22 നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

വിചാരണയുടെ തുടക്കത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. പിന്നീട് വിചാരണക്കിടയില്‍ അഞ്ച് സാക്ഷികള്‍ കൂടി ചേരുകയായിരുന്നു. സാക്ഷികളുടെ കൂറുമാറ്റം കൊണ്ട് എറെ ശ്രദ്ധേയമായ കേസായിരുന്നു ഇത്. കഴിഞ്ഞ പത്തിനാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.