തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം പിറന്നതോടെ ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ രണ്ട് രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനയും പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസിനങ്ങളും കുത്തനെ കൂടും. ചുരുക്കത്തില്‍ ആളുകളുടെ ജീവിതച്ചിലവേറുന്ന ദിവസങ്ങളാകും ഇനിയങ്ങോട്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന ബജറ്റ് നിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകള്‍ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റിനും ലൈസന്‍സിനും ചെലവേറും. പഞ്ചായത്തുകളില്‍ ലൈസന്‍സ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതല്‍ 3000 രൂപ വരെയായി ഉയരും. മുന്‍സിപ്പാലിറ്റിയില്‍ 300 മുതല്‍ 4000 വരെയും കോര്‍പറേഷനില്‍ 300 മുതല്‍ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രില്‍ പത്ത് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
കൂടാതെ ഭൂമി ന്യായവിലയില്‍ 20 ശതമാനത്തോളം വര്‍ധനവും നിലവില്‍ വരും. രജിസ്‌ട്രേഷനും ചിലവേറും. അപാര്‍ട്ടുമെന്റ്, ഫ്ളാറ്റ് ഇവ നിര്‍മിച്ച് ആറ് മാസത്തിനകം കൈമാറുന്നതിനുള്ള നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാകും. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതിയും നാളെ മുതല്‍ നിലവില്‍ വരും.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹോട്ടല്‍- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ജനദ്രോഹ നികുതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. തിരുവനന്തപുരത്ത് രാവിലെ 11 ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v