വയനാട്ടില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വയനാട്ടില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

മാനന്തവാടി: വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളജിലെ താല്‍കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും, പോഷകാഹാരകുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്.

ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിയ്ക്കുള്ള മരുന്നുകള്‍ നല്‍കി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയായിരുന്നു.

വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലും കാരാക്കാമല ഹെല്‍ത്ത് സെന്ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയുള്ള ജീവനക്കാരും കുട്ടിയെ വേണ്ട രീതിയില്‍ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. വീട്ടില്‍ കുത്തിവെപ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യ നില കണ്ട് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് അനുവദിച്ച ആംബുലന്‍സില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ല.

സംഭവത്തില്‍ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വെള്ളമുണ്ട ഫാമലി ഹെല്‍ത്ത് സെന്ററിലെ രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്തല്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്.

ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.