ട്രെയിനില്‍ അജ്ഞാതന്‍ തീയിട്ടു; ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു: പരിശോധനയ്ക്കിടെ കുട്ടിയടക്കം മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി

ട്രെയിനില്‍ അജ്ഞാതന്‍ തീയിട്ടു; ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു: പരിശോധനയ്ക്കിടെ കുട്ടിയടക്കം മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി

കോഴിക്കോട്: യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ട്രെയിനില്‍ തീയിട്ടു. ഞായറാഴ്ച്ച രാത്രി 9.11 ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിലാണു സംഭവം. തീ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ അടുത്ത കോച്ചിലേക്ക് ഓടി. ചിലര്‍ ചങ്ങല വലിച്ചു ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.

സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവരെ റെയില്‍വേ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. മൂന്ന് യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നാലെ ഒരാള്‍ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് ട്രെയ്‌നിലുണ്ടായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി പിണറായി സ്വദേശി പി.സി.ലതീഷ് പറയുന്നത് ഇങ്ങനെ.

''കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വാര്‍ഷികവുമായി ബന്ധപ്പെട്ട് ചര്‍ച്ച കഴിഞ്ഞ് എറണാകുളത്ത് നിന്ന് കയറിയതാണ്. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോള്‍ ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവു കോച്ചിലേക്കു കയറി. പന്തികേടു തോന്നിയെങ്കിലും കാര്യമാക്കിയില്ല. സീറ്റിനു സമീപത്തെത്തിയ ഇയാള്‍ രണ്ടു കുപ്പിയില്‍ ഇന്ധനം കരുതിയിരുന്നു. പെട്ടന്ന് ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു.

ആളുകള്‍ എഴുന്നേറ്റ് ഓടി. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം വീണു. എന്താണെന്ന് മനസിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തി. നിമിഷങ്ങള്‍ക്കകം തീ ആളി. കോച്ചിന്റെ തറയില്‍ വീണ ഇന്ധനവും കത്തി. എന്റെ മുടിയിലും തീ പടര്‍ന്നു. ബാഗും മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് തീ കെടുത്തിയത്. തീയിട്ടയാള്‍ എങ്ങോട്ടു പോയെന്നു കണ്ടില്ല'- ലതീഷ് പറഞ്ഞു.

ട്രെയിന്‍ ഏറെ നേരെ പിടിച്ചിട്ട ശേഷം സമീപത്തെ കൊയ്‌ലാണ്ടി സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് പരിശോധനകള്‍ പൂര്‍ത്തിയാക്കി 10.40 ഓടെയാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ അക്രമിയെ കണ്ടെത്തുന്നതിനായി പൊലീസ് പരിസരത്ത് വ്യാപക പരിശോധന നടത്തുന്നതിനിടെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പുലര്‍ച്ചെ ഒന്നോടെയാണ് മൃതദേഹം കണ്ടത്. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. ഇരുവരെയും കാണാനില്ലെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.