ദുബായ്:ദുബായിലെ പ്രധാന ഇടനാഴികളിലൊന്നായ ഷിന്‍റഗ ഇടനാഴിയിലെ രണ്ട് പാലങ്ങളും ഒരു തുരങ്കപാതയും തുറന്നു. 2.3 കിലോമീറ്ററിലധികം നീളമുളളതാണ് തുരങ്കപാത. അല്‍ ഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങള്‍ക്ക് 1825 മീറ്റർ നീളമുണ്ട്. ഒരു പാലത്തിന് 750 മീറ്ററും രണ്ടാമത്തേതിന് 1075 മീറ്ററുമാണ് നീളം. ആറുവരിപ്പാതയില്‍ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കുമായി 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.
അല്‍ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് റോഡിനും അല്‍ ഖുബൈബ റോഡിനും ഇടയിലുളള ഫാല്‍ക്കണ്‍ ഇൻറർചേഞ്ച് വികസന പദ്ധതിയുടെ ഭാഗമായ റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പുതുതായി നിർമ്മിച്ച പാലങ്ങളെ ഇന്‍ഫിനിറ്റി ബ്രിഡ്ജും അല്‍ ഷിന്‍റഗ ടണലും വഴി ബന്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മറുവശത്ത് ഷെയ്ഖ് റാഷിദ് റോഡിന്‍റെയും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെയും ജംഗ്ഷനില്‍ നിർമ്മാണം പുരോഗമിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കുകയും ചെയ്യും. ഇതോടെ ഗതാഗതം കൂടുതല്‍ സുഗമമായിത്തീരും.
റോഡുകളുടെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും ഗതാഗതം കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഫാൽക്കൺ ഇന്‍റർ ചേഞ്ച് നവീകരണം നടത്തുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറല്‍ മാതർ അല്‍ തായർ പറഞ്ഞു. ദുബായ് ഗതാഗത വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് അല്‍ ഷിന്‍റഗ ഇടനാഴി നവീകരണം. 530 കോടി ദിർഹം ചെലവഴിച്ചാണ് അഞ്ച് ഘട്ടങ്ങളിലായി നവീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.