ട്രെയിന്‍ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് ഡി.ജി.പി, അന്വേഷണത്തിന് പ്രത്യേക സംഘം

 ട്രെയിന്‍ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് ഡി.ജി.പി, അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ഡി.ജി.പി അനില്‍ കാന്ത്. പ്രതിയെ കുറിച്ച് കൃത്യമായി സൂചന ലഭിച്ചതായും ഡി.ജി.പി പറഞ്ഞു. ഇതിനിടെ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കുകയാണ്. ചിത്രം ഉടന്‍ പുറത്ത് വിടും. സംഭവത്തില്‍ റെയില്‍വെ നേരത്തെ തന്നെ കേസെടുത്തിരുന്നു.

ട്രെയിന്‍ ആക്രമണത്തില്‍ അടിമുടി ദുരൂഹതയാണെന്നാണ് വിവരം. ഇന്നലെ രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് അക്രമം അരങ്ങേറിയത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയസ്ത്രീയും കുഞ്ഞും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകള്‍ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്ത് (45), മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം റെയില്‍വേ പാളത്തിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ട്രെയിനിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാര്‍ട്‌മെന്റില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പെട്രോളുമായി കമ്പാര്‍ട്‌മെന്റില്‍ കയറിയ ആക്രമി യാത്രക്കാര്‍ക്കുനേരെ സ്‌പ്രേ ചെയ്തശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാര്‍ട്‌മെന്റിലുള്ളവര്‍ പറഞ്ഞത്. മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിന്‍ നിന്നത് പാലത്തിനു മുകളിലായതിനാല്‍ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു.

കണ്ണൂര്‍ കതിരൂര്‍ പൂഞ്ഞം നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), റെയില്‍വേ എന്‍ജിനീയറായ തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ പ്രിന്‍സിന്റെ ഭാര്യ അശ്വതി (29), കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെക്ഷന്‍ ഓഫിസറായ തളിപ്പറമ്പ് പട്ടുവം അരിയില്‍ നീലിമ ഹൗസില്‍ റൂബി (52) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ അനില്‍കുമാറിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിന്‍സ് എന്നിവരാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത്.

എറണാകുളത്ത് യോഗം കഴിഞ്ഞ് മടങ്ങിയ കണ്ണൂര്‍ എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു ഡി1 കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവര്‍ക്കാണ് ആക്രമണം നേരിട്ടത്. ടോയ്‌ലറ്റിന്റെ ഭാഗത്തുനിന്നു കമ്പാര്‍ട്‌മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോള്‍ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന യാത്രക്കാരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.