ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ണായ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ണായ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ അനുമതിയില്ലാതെ പ്രവേശിച്ച ചൈനയുടെ ചാര ബലൂണ്‍ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ണായ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ അമേരിക്ക സൈനിക തലത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചെങ്കിലും അത് മറികടന്ന് നിര്‍ണായക വിവരങ്ങള്‍ തത്സമയം ചൈനയിലേയ്ക്ക് അയക്കപ്പെട്ടതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടുന്നതിന് ബലൂണ്‍ ചില അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിച്ചിരുന്നു. ഈ സമയത്ത് ചോര്‍ത്തിയ വിവരങ്ങള്‍ തത്സമയം കൈമാറാനുള്ള സൗകര്യം ബലൂണിലുണ്ടായിരുന്നതായാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബലൂണ്‍ വീഴ്ത്തിയതിന് പിന്നാലെ താഴേയ്ക്ക് പതിച്ച അവശിഷ്ടങ്ങളില്‍ നിന്ന് ഇലക്ട്രിക് ഉപകരണങ്ങളടക്കം വിദഗ്ദ പരിശോധനയ്ക്ക് മാറ്റിയിരുന്നു. ഇവയില്‍ നിന്ന് പങ്കുവെച്ച സിഗ്‌നലുകള്‍ വഴിയാണ് ചൈന വിവരങ്ങള്‍ ചോര്‍ത്തിയതെന്ന കണ്ടെത്തലിലെത്തിയത്. ചിത്രങ്ങളേക്കാള്‍ സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളായിരിക്കാം ചാര ബലൂണ്‍ ലക്ഷ്യം വെച്ചിരിക്കാന്‍ സാദ്ധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജനുവരി 28 നായിരുന്നു ചാര ബലൂണ്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ ആദ്യം പ്രവേശിച്ചത്. പിന്നീട് കാനഡയുടെ വ്യോമ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31 ന് വീണ്ടും അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തുകയായിരുന്നു. പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ബലൂണ്‍ കാണപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി ആദ്യ വാരത്തിലാണ് അമേരിക്കയുടെ അറ്റ്ലാന്റിക് സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ച് ഹൈടെക്ക് എഫ് 22 റാപ്റ്റര്‍ ജെറ്റുകള്‍ ബലൂണ്‍ വെടിവെച്ചിട്ടത്.

അമേരിക്ക ബലൂണ്‍ വീഴ്ത്തിയതിന് ചൈന കനത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കാലാവസ്ഥ നിരീക്ഷണം മാത്രം ലക്ഷ്യം വെച്ചുള്ള നിരുപദ്രവകരമായ നിരീക്ഷണ ബലൂണിനെ തങ്ങളുടെ എതിര്‍പ്പ് മറികടന്ന് അമേരിക്ക വീഴ്ത്തിയെന്നായിരുന്നു ചൈനയുടെ വാദം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.