വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്‌നേഹം നമ്മുടെ ശിലാഹൃദയങ്ങളെ മൃദുലമാക്കുകയും കരുണയുടെയും ആര്‍ദ്രതയുടെയും അനുകമ്പയുടെയും ഉറവയാക്കുമെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഒാശാന ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പ്പാപ്പ.
ബ്രോങ്കൈറ്റിസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന റോമിലെ ജെമെല്ലി ഹോസ്പിറ്റലില്‍ നിന്നു വിട്ടതിനു ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍പ്പാപ്പ നയിച്ച കുര്‍ബാനയില്‍ ഏകദേശം 60,000 വിശ്വാസികളാണ് പങ്കെടുത്തത്.
'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?' (മത്തായി 27:46). തന്റെ ഏറ്റവും ദാരുണമായ സമയത്ത് യേശു കുരിശില്‍ കിടന്ന് ഉച്ചരിച്ച ഒരേയൊരു യാചന. അവിടുന്ന് അനുഭവിച്ച അത്യധികമായ പീഡകളുടെ പാരമ്യത്തിലേക്ക് നമ്മെ നയിക്കുന്ന വാക്കുകളാണ് ഇത്. 'എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു?' ദൈവം തന്നെ കൈവിട്ടതായ അനുഭവം യേശുവിന് ഉണ്ടാകുന്നു. അതിനുമുമ്പ്, ഒരിക്കലും അവിടുന്ന് പിതാവിനെ ദൈവം എന്ന് അഭിസംബോധന ചെയ്തിട്ടില്ല.
ദൈവത്തില്‍ നിന്നുള്ള ഈ അകലം യേശുവിനെ സംബന്ധിച്ചിടത്തോളം തന്റെ അസ്തിത്വത്തിന് തികച്ചും അന്യമായ ഒരു കാര്യമാണ്. അവിടുന്ന് നമുക്കു വേണ്ടിയാണ് അതു ചെയ്തത്.
ദൈവം തന്നെ രക്ഷിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും വേദനയുടെ പാരമ്യത്തില്‍ നമുക്കായി അവിടുന്ന് സ്വയം ഉപേക്ഷിക്കല്‍ അനുഭവിച്ചു. അവിടുന്ന് അവസാനം വരെ നമ്മില്‍ ഒരാളായിത്തീര്‍ന്നു. നാം നിരാശയുടെ ഇരയാകാതിരിക്കാന്‍, അവിടുന്ന് ആ ഉപേക്ഷിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോയി.
തുടര്‍ന്ന് യേശു എപ്രകാരമാണ് നമ്മെ രക്ഷിക്കുന്നതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോട് വിശദീകരിച്ചു. കുരിശില്‍ വെച്ച് പരിപൂര്‍ണമായ പരിത്യാഗം അനുഭവപ്പെട്ടപ്പോഴും, യേശു നിരാശയ്ക്ക് വഴങ്ങാന്‍ വിസമ്മതിച്ചു. പകരം, അവിടുന്ന് പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്തു, അകലം അനുഭവിച്ചിട്ടും പിതാവിന്റെ കൈകളിലേക്ക് സ്വയം വിട്ടുകൊടുത്തു.
നമുക്കും ഇതേ അനുഭവം ഉണ്ടാകാം. ഉപേക്ഷിക്കപ്പെട്ടവനായി എന്ന് എനിക്കു തോന്നുമ്പോള്‍ അവിടെ നാം യേശുവിനെ കണ്ടെത്തുന്നു.
നമ്മെ പൂര്‍ണമായും ആശ്ലേഷിക്കുന്ന യേശുവിന്റെ ഈ സ്‌നേഹം നമ്മുടെ ശിലാഹൃദയങ്ങളെ മൃദുല ഹൃദയങ്ങളാക്കി മാറ്റുന്നു. അതിനെ കരുണയുടെയും ആര്‍ദ്രതയുടെയും അനുകമ്പയുടെയും ഉറവയാക്കി മാറ്റുന്നു - മാര്‍പ്പാപ്പ തുടര്‍ന്നു. ക്രിസ്തു തന്റെ പരിത്യാഗത്തിലൂടെ, ദൈവത്തെ അന്വേഷിക്കാനും ഉപേക്ഷിക്കപ്പെട്ടവരെ സ്‌നേഹിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അതായത് അകല്‍ച്ച അനുഭവപ്പെട്ടാലും അവിടുന്ന് പിതാവിന്റെ കൈകളില്‍ തന്നെത്തന്നെ ഏല്‍പ്പിക്കുന്നു - പാപ്പ പറഞ്ഞു.
നമുക്ക് ചുറ്റും ഉപേക്ഷിക്കപ്പെട്ടവരെ മാര്‍പാപ്പ അനുസ്മരിച്ചു. പ്രത്യേകിച്ച് കഴിഞ്ഞ നവംബറില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിനു സമീപം അന്തരിച്ച ഭവനരഹിതനായ ജര്‍മ്മന്‍ സ്വദേശിയെ പാപ്പ അനുസ്മരിച്ചു. നിരവധി ആളുകള്‍ക്ക് നമ്മുടെ സാമീപ്യം ആവശ്യമാണ്, പലരും ഉപേക്ഷിക്കപ്പെടുന്നു. നമ്മുടെ ജീവിതത്തില്‍ യേശുവിന്റെ സാമീപ്യം ആവശ്യമുള്ളതുപോലെ, ഉപേക്ഷിക്കപ്പെട്ടവരില്‍, യേശുവിനെ കണ്ടെത്താന്‍ നാം അവരെ പ്രേരിപ്പിക്കണം.
'അവഗണിക്കപ്പെടുന്നവരും ഉപേക്ഷിക്കപ്പെട്ടവരും ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണ്. അവര്‍ അവിടുത്തെ സ്നേഹത്തെ ഓര്‍മിപ്പിക്കുന്നു. കടുത്ത ഏകാന്തതയില്‍ നമ്മെ വിടുവിക്കുന്ന പരിത്യാഗത്തെ ഓര്‍മ്മിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ തകര്‍ന്നിരിക്കുമ്പോള്‍, പല പ്രശ്ങ്ങള്‍ക്കും ഉത്തരമില്ലാതിരിക്കുമ്പോള്‍ ആ മുറിവേറ്റവന്‍ പ്രതീക്ഷ പകരുന്നു'- പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.
വേദനയും ഏകാന്തതയും അങ്ങേയറ്റം അനുഭവിക്കുന്നവരെ നാം പരിപാലിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഓരോ വ്യക്തിയിലും യേശുവിനെ എങ്ങനെ കണ്ടെത്താമെന്ന് തിരിച്ചറിയാനുള്ള കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാമെന്ന് പാപ്പ സന്ദേശം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.