സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ല; കേന്ദ്രത്തില്‍ തുടരും: തിരുവനന്തപുരത്ത് നാലാമൂഴത്തിന് കളമൊരുക്കി ശശി തരൂര്‍

സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ല; കേന്ദ്രത്തില്‍ തുടരും: തിരുവനന്തപുരത്ത് നാലാമൂഴത്തിന് കളമൊരുക്കി ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായേക്കുമെന്ന സൂചനകള്‍ വലിയ വാഗ്വാദങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴി ഒരുക്കിയിരുന്നെങ്കിലും ശശി തരൂര്‍ കേന്ദ്ര രാഷ്ട്രീയത്തില്‍ തന്നെ തുടര്‍ന്നേക്കുമെന്ന അഭ്യൂഗങ്ങള്‍ ബലപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം വീണ്ടും മത്സരിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി വിളിച്ച യോഗങ്ങളില്‍ ഇതു സംബന്ധിച്ച സംസാരങ്ങള്‍ തരൂര്‍ അണികളില്‍ ചിലര്‍ ഉന്നയിക്കുകയും ഉണ്ടായി.

അതേസമയം തരൂര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ യോഗത്തില്‍ തന്നെ പ്രാദേശിക നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചു. ഹൈക്കമാന്‍ഡിനെയും കെപിസിസിയുടെ ഒരുപോലെ വെല്ലുവിളിച്ച തരൂര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു എതിര്‍ത്തവരുടെ പക്ഷം. എന്നാല്‍ തരൂരിന്റെ മികച്ച പ്രതിച്ഛായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വാദിച്ചാണ് അനുകൂല പക്ഷം വിമര്‍ശനങ്ങളെ നേരിട്ടത്. പിന്നീടിത് തര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കി.

കഴക്കൂട്ടം മണ്ഡലം യോഗത്തില്‍ രണ്ട് മണ്ഡലം പ്രസിഡണ്ടുമാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തരൂര്‍ ഉന്നയിച്ച വിമര്‍ശനം ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയത് തര്‍ക്കത്തിനിടയാക്കിയിരുന്നു. ഡിസിസി ഓഫീസിലെ സെന്‍ട്രല്‍ മണ്ഡല യോഗത്തിന് ശേഷം ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മില്‍ കയ്യാങ്കളിയിലെത്തിയ സ്ഥിതിയും ഉണ്ടായി. എഐസിസിക്കെതിരായ തരൂര്‍ നടത്തിയ വിമര്‍ശനത്തില്‍ സതീഷ് തുടങ്ങിയ ആരോപണങ്ങളാണ് കയ്യാങ്കളിയിലെത്തിച്ചത്.

2009 ല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത് മുതല്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിട്ട തരൂരിനെ രാഷ്ട്രീയത്തിനധീതമായി ചിന്തിക്കുന്നവരുടെ പിന്തുണയാണ് മൂന്ന് തവണയും തിരുവനന്തപുരത്ത് നിന്ന് ജയിച്ച് കയറാന്‍ സഹായകമായത്. എല്ലാ നെഗറ്റീവുകളെയും മറികടക്കുന്ന വലിയ പോസിറ്റീവ് ഘടകമാണ് തരൂരിന്റെ മികച്ച പ്രതിച്ഛായ.

അതേസമയം ഗ്രൂപ്പുകളൊന്നടങ്കം പിന്‍വാങ്ങിയാല്‍ നാലാമൂഴം തരൂരിന് വലിയ കടമ്പയാകും. പ്രത്യേകിച്ച് തരൂരിന്‍ന്റെ വോട്ട് ബാങ്കായിരുന്ന ലത്തീന്‍ സഭ. വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കാത്തതില്‍ തരൂരുമായി സഭ അല്‍പ്പം അകന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയൊക്കെ മറികടക്കാന്‍ തരൂരിന്റെ പ്രതിച്ഛായയ്ക്കാ സാധിക്കുമെന്നാണ് അനുകൂലികളുടെ ആത്മവിശ്വാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.