ദുബായ്: ഇന്ത്യയിലെ വിവിധ സ്കൂളുകളില്‍ വേനല്‍ അവധി ആരംഭിച്ചതും ഈസ്റ്റർ -വിഷു- ഈദ് അവധി ദിനങ്ങള്‍ വരുന്നതും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കില്‍ 300 ശതമാനം വരെയാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്.
യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ആനുപാതികമായി വിമാനസർവ്വീസുകള്‍ വർദ്ധിക്കാത്തതുമാണ് ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വർദ്ധനവിന് പ്രധാനകാരണമായി വിലയിരുത്തുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.
മാർച്ച് 25 മുതൽ ടാറ്റാ ഗ്രൂപ്പിന്‍റെ എയർ ഇന്ത്യ- എയർ ഇന്ത്യ എക്സ്പ്രസ് വിമാനകമ്പനികള്‍ കോഴിക്കോട്, ഇൻഡോർ, ഗോവ എന്നീ സ്ഥലങ്ങളിലേക്ക് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
വിവിധ വിമാനകമ്പനികളുടെ ഡ്രീം ലൈനർ പോലുളള വലിയ വിമാനങ്ങള്‍ക്ക് പകരം ചെറിയ വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നതും സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. ഇതും ടിക്കറ്റ് നിരക്ക് വർദ്ധിക്കാന്‍ ഇടയാക്കുന്നു. നേരത്തെ വിമാനസർവ്വീസുകള്‍ വർദ്ധിപ്പിക്കണമെന്ന ആവശ്യം എമിറേറ്റ്സും ഫ്ളൈ ദുബായും അടക്കമുളള വിമാനകമ്പനികള്‍ മുന്നോട്ടുവച്ചിരുന്നുവെങ്കിലും ഇന്ത്യ അനുകൂല നിലപാട് എടുത്തിരുന്നില്ല.
ഇന്ത്യന്‍ വിമാനകമ്പനികളുടെ എതിർപ്പാണ് ഇക്കാര്യത്തില്‍ സർക്കാരിന് മേല്‍ സമ്മർദ്ദമുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. വിമാനകമ്പനികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നതാണ് കേന്ദ്രസർക്കാരിന്‍റെ നയം.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാർട്ടേഡ് വിമാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധ്യതയാരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസർക്കാരിന് എഴുതിയ കത്താണ് ടിക്കറ്റ് നിരക്ക് വർദ്ധനവില്‍ അടുത്തിടെയുണ്ടായ പ്രധാനപ്പെട്ട നീക്കം. എന്നാല്‍ ഇത് പ്രാബല്യത്തിലാകാനും കടമ്പകളേറെ. പ്രവാസികളുടെ യാത്ര ദുരിതം ഈ അവധിക്കാലത്തും മാറ്റമില്ലാതെ തുടരുമെന്ന് ചുരുക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.