ജയിലിലെ വിശുദ്ധകുർബ്ബാന അർപ്പണം: നൂറ്റാണ്ടുകൾ പഴയ ആചാരത്തിന് തടയിട്ടുകൊണ്ട് ജയിൽ ഡിജിപി ഉത്തരവിറക്കി

ജയിലിലെ വിശുദ്ധകുർബ്ബാന അർപ്പണം: നൂറ്റാണ്ടുകൾ പഴയ ആചാരത്തിന് തടയിട്ടുകൊണ്ട് ജയിൽ ഡിജിപി ഉത്തരവിറക്കി

കൊച്ചി: ജയിലുകളിൽ വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള  സംസ്ഥാന ഡി ജി പിയുടെ ഉത്തരവ് വിവാദമാകുന്നു. മാർച്ച് 31 നാണ് ഡിജിപിയുടെ ഉത്തരവ് ജയിൽ സൂപ്രണ്ടുമാർക്ക് ലഭിക്കുന്നത്. ഇതുമൂലം ഏപ്രിൽ 2 ന് തുടങ്ങിയ വിശുദ്ധവാര ശുശ്രൂഷകൾക്ക് ആരംഭം കുറിക്കുന്ന ഓശാന ഞായറാഴ്ചയിൽ ജയിലുകളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിച്ചില്ല.

കേരളസംസ്ഥാനം  രൂപീകരിക്കുന്നതിന് മുൻപേ തന്നെ 1870 കാലഘട്ടത്തിൽ രാജഭരണകാലത്ത് തുടങ്ങി വച്ച കുർബ്ബാന അർപ്പണത്തിനാണ് ഇതോടെ വിലക്കേർപ്പെടുത്തപ്പെട്ടത്. ആദ്യമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കുർബാന അർപ്പിക്കപ്പെട്ടതും ഒരു ഓശാന ഞായറാഴ്ച ആയിരുന്നു എന്നത് ഒരു ചരിത്രകൗതുകമാണ്. പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ഡയറികുറിപ്പുകളായ ‘നാളാഗമത്തിൽ ‘ ഇതേകുറിച്ച് പരാമർശിക്കുന്നുണ്ട്. അദ്ദേഹം തിരുവനന്തപുരം സന്ദർശിച്ച വേളയിൽ സെൻട്രൽ ജയിൽ സന്ദർശിക്കുകയും തടവുകാരുടെ ആധ്യാല്മിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കവടിയാർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനെയും ദിവാനെയും സന്ദർശിച്ച് തടവുകാർക്ക് വേണ്ടി നിവേദനം സമർപ്പിക്കുകയും കുർബാന ചൊല്ലാൻ അധികാരപത്രം വാങ്ങുകയും ചെയ്തു. പിറ്റേ ഞായറാഴ്ച (അന്ന് ഓശാന ആയിരുന്നു) ജയിലിൽ കുർബാന അച്ചൻ തന്നെ അർപ്പിച്ചു. തുടർന്നുള്ള നാളുകളിൽ കുർബാന അർപ്പിക്കുവാൻ ഒസിഡി സന്യാസ സഭയുടെ സെന്റ് ജോസഫ് ആശ്രമത്തെ ഭരമേല്പിക്കുകയും ചെയ്തു. ഇപ്പോൾ കെസിബിസിയുടെ നേതൃത്വത്തിലുള്ള ജീസസ് ഫ്രട്ടേണിറ്റി എന്ന സംഘടനയാണ് കേരളത്തിലെ ജയിലുകളിൽ വിശുദ്ധ കുർബ്ബാന അർപ്പണവും മറ്റു ആധ്യാല്മിക കാര്യങ്ങളും നിർവഹിക്കുന്നത്.

ഓരോ വർഷത്തേക്കുമാണ് ജയിലുകളിൽ പ്രവർത്തനാനുവാദം നൽകുന്നത്.ജീസസ് ഫ്രട്ടേണിക്ക് 2024 ജൂലൈ 4 വരെ ജയിലുകളിൽ പ്രവർത്തിക്കാൻ അനുവാദം നിലവിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ 55 ജയിലുകളിൽ ജീസസ് ഫ്രട്ടേണിറ്റി ശുശ്രൂഷകൾ ചെയ്യുന്നുണ്ടെന്ന് ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടർ ഫാ.മാർട്ടിൻ തട്ടിൽ പറഞ്ഞു. വിശുദ്ധവാര ശുശ്രൂഷകൾ ജയിലുകളിൽ നടത്തുവാൻ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡി ജി പി യുടെ ഉത്തരവ് ഇറങ്ങുന്നത്. വിലക്കുകൾ നീക്കി വിശുദ്ധവാര ശുശ്രൂഷകൾ നടത്തുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ പറഞ്ഞു.

നിരവധി തടവുകാർക്ക് മാനസാന്തരത്തിലേക്ക് കടന്നു വരുവാൻ ഇത്തരം ശുശ്രൂഷകൾ സഹായിക്കുന്നുണ്ടെന്ന് ജയിൽ ശിക്ഷ അനുഭവിച്ച ആളുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിരാശയിൽ ആണ്ടുപോകുന്ന ജീവിതങ്ങൾക്ക്   ആധ്യാല്മികമായി ഉണർവ്വ് നൽകുന്ന ഇത്തരം ശുശ്രൂഷകളുടെ മേൽ വിലക്ക് ഏർപ്പെടുത്തുന്നത് മത നിരാസം പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായിട്ടാണ് വിശ്വാസ സമൂഹം നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.