ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ( പുനലൂർ രൂപത)
കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ പിതാവ് സർവ്വരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. പിതാവുമായിട്ടുള്ള എൻ്റെ വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത് 2009 ൽ ഞാൻ മെത്രാനായതിനുശേഷമാണ്. മധ്യകേരളത്തിലെ മൂന്ന് റീത്തുകളിലെയും മെത്രാന്മാർക്കുവേണ്ടി പൗവ്വത്തിൽ പിതാവ് ധ്യാനം സംഘടിപ്പിക്കുമായിരുന്നു. ഞാൻ മെത്രാനായതിനു ശേഷം നടന്ന രണ്ടാമത്തെ ധ്യാനം മുതലാണ് എനിക്ക് പങ്കെടുക്കുവാൻ സാധിച്ചത്. അന്നു മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം
യാക്കോബായ, ഓർത്തഡോക്സ് സഭയുമായിട്ടുള്ള കത്തോലിക്കാ സഭയുടെ ഡയലോഗ് കമ്മീഷനിൽ പൗവ്വത്തിൽ പിതാവിനോടൊപ്പം ഞാനും അംഗമായിരുന്നു. പിതാവിൻ്റെ സാന്നിദ്ധ്യവും ഇടപെടലും വളരെ ശ്രദ്ധയോടെയാണ് കമ്മീഷനംഗങ്ങൾ വീക്ഷിച്ചിരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അവ സൗമ്യമായും രമ്യമായും പരിഹരിക്കാൻ പിതാവ് നടത്തുന്ന ഇടപെടൽ എന്നെ വളരെയധികം ആകർഷിച്ചിരുന്നു.
മാർ ജോസഫ് പൗവ്വത്തിൽ പിതാവിനെ എല്ലാവരും വളരെ സ്നേഹത്തോടും ആദരവോടും കൂടെ കാണുമ്പോൾ ഞാൻ വളരെ സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തോട് പെരുമാറുമായിരുന്നു. ഞാനും പിതാവും ആഗസ്റ്റ് മാസത്തിൽ ജനിച്ചവരായതുകൊണ്ട് ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹത്തിൻ്റെ തോളിൽ തട്ടി സ്നേഹത്തോടെ പറയുമ്പോൾ, അദ്ദേഹം ഊറിച്ചിരിച്ചിരുന്നു.
ഞങ്ങളുടെ പുനലൂർ രൂപതയേക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. രൂപതയുടെ വളർച്ചയേക്കുറിച്ചും വികസനത്തക്കുറിച്ചും ജനങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം എന്നോട് എപ്പോഴും അന്വേഷിക്കുമായിരുന്നു. രൂപതയുടെ ജുബിലി ആഘോഷത്തിൽ ശാരീരികമായ പ്രയാസങ്ങളൊക്കെ മറികടന്ന് അദ്ദേഹം പങ്കെടുത്ത കാര്യവും ഞാൻ നന്ദിയോടെ സ്മരിക്കുന്നു.
ചങ്ങനാശേരി ഭാഗത്തേക്ക് പോകുമ്പോൾ പൗവ്വത്തിൽ പിതാവിനെ ഞാൻ സന്ദർശിക്കുമായിരുന്നു. ഗവേഷണകുതുകികളായ വിദ്യാർത്ഥികൾ തീസിസ് തയ്യാറാക്കുന്നപോലെ തന്റെ വാർദ്ധക്യത്തിലും പഠനവും വായനയും നോട്ടുകൾ തയ്യാറാക്കലുമായി കഴിയുന്ന പിതാവിനെയാണ് എനിക്ക് കാണുവാൻ സാധിച്ചിട്ടുള്ളത്.
അദ്ദേഹത്തിൻ്റെ പ്രാർത്ഥനാജീവിതവും പാണ്ഡിത്യവും എല്ലാറ്റിനുമപരിയായിട്ട് ഏവരോടുമുള്ള സൗഹാർദവും എന്നും ഓർമ്മിക്കപ്പെടും. വ്യത്യസ്തമായ ദൈവശാസ്ത്രവീക്ഷണങ്ങളും കാഴ്ചപ്പാടുമുള്ളപ്പോഴും മാർ ജോസഫ് പൗവ്വത്തിൽ പിതാവ് എന്ന വ്യക്തിയെ തീർച്ചയായും സ്നേഹിക്കുവാനും ആദരിക്കുവാനും നമുക്ക് സാധിക്കും. ഇന്ന് അദ്ദേഹം നിത്യസമ്മാനത്തിന് പോയിരിക്കുകയാണ്. ദൈവത്തെ മുഖാമുഖം കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26