യുവ തടവുകാരുടെ പാദങ്ങള്‍ കഴുകി ഫ്രാന്‍സിസ് പാപ്പ; പരസ്പരം സഹായിച്ച് അനീതികള്‍ ലഘൂകരിക്കാന്‍ ആഹ്വാനം

യുവ തടവുകാരുടെ പാദങ്ങള്‍ കഴുകി ഫ്രാന്‍സിസ് പാപ്പ; പരസ്പരം സഹായിച്ച് അനീതികള്‍ ലഘൂകരിക്കാന്‍ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: മാര്‍പ്പാപ്പയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷം പെസഹാ ദിനത്തില്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിസ് പാപ്പ റോമിലെ ജുവനൈല്‍ ജയിലിലെത്തി. ഹൃദയത്തില്‍ നിന്ന് ഒഴുകുന്ന എളിമയുടെയും സേവനത്തിന്റെയും മഹത്വം ഓര്‍മിപ്പിച്ച് പാപ്പ അവിടുത്തെ അന്തേവാസികളായ 12 യുവജനങ്ങളുടെ കാലുകള്‍ കഴുകി. 2013-ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പെസഹാ ദിനത്തില്‍ പാപ്പ ഇവിടെയെത്തി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്ത്രീകളുടെ പാദങ്ങള്‍ കഴുകിയത്.

ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ അനുസ്മരിക്കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ ഇത്തവണയും ജയിലാണ് തിരഞ്ഞെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ച് പാപ്പ റോമാ നഗരത്തിന് ഒരു വിളിപ്പാടകലെയുള്ള കാസല്‍ ഡെല്‍ മര്‍മോ ജുവനൈല്‍ ജയിലില്‍ എത്തിയത് തടവുകാര്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് അധികാരികള്‍ക്കും അനുഗ്രഹത്തിന്റെ നിമിഷങ്ങളായി മാറി.



ഇക്കുറി 14 മുതല്‍ 25 വയസ് വരെ പ്രായമുള്ള പത്ത് യുവാക്കളുടെയും രണ്ട് യുവതികളുടെയും പാദങ്ങളാണ് പാപ്പ കഴുകി ചുംബിച്ചത്. അവരില്‍ രണ്ട് പേര്‍ സിന്തി വംശജരും (ജര്‍മന), മറ്റുള്ളവര്‍ ക്രൊയേഷ്യ, സെനഗല്‍, റൊമാനിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ വിശ്വാസ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമാണ്.

മുന്‍കൂട്ടി എഴുതി തയാറാക്കാതെയാണ് പാപ്പാ തന്റെ സന്ദേശം നല്‍കിയത്. വിനയത്തിന്റെയും സേവനത്തിന്റെയും അടയാളമായി, അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു പാപ്പയുടെ പ്രസംഗം. അക്കാലത്ത്, അടിമകളാണ് ഇത് നിര്‍വഹിച്ചിരുന്നത്.

അന്യോന്യം വഞ്ചിക്കാനോ മുതലെടുക്കാനോ ശ്രമിക്കുന്നതിനു പകരം പരസ്പരം സഹായിച്ചുകൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഈ ലാളിത്യം അനുകരിക്കുകയാണെങ്കില്‍ ജീവിതം എത്ര മനോഹരമാകുമെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു. ഉദാത്തമായ ഒരു ഹൃദയത്തില്‍നിന്നാണ് ഈ മനോഭാവം ഉത്ഭവിക്കുന്നത്. ഹൃദയത്തില്‍ ശ്രേഷ്ഠത കാത്തുസൂക്ഷിക്കാന്‍ നമ്മെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യേശു ആഗ്രഹിക്കുന്നു.

പന്ത്രണ്ടു തടവുകാരുടെ പാദങ്ങള്‍ കഴുകുന്നത് കേവലം ഒരു അഭിനയമല്ല, മറിച്ച് നമ്മള്‍ പരസ്പരം എങ്ങനെ സഹായിക്കണമെന്നതിന്റെ അടയാളമാണ്. പരസ്പരം സഹായിക്കുക, സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുക. പാപികളായ നമ്മുടെ ബലഹീനതകളില്‍ പോലും ഈ സേവന മനോഭാവം നാം സ്വീകരിക്കുകയാണെങ്കില്‍, ലോകത്തിലെ നിരവധി അനീതികള്‍ ലഘൂകരിക്കാനാകും - പാപ്പ പറഞ്ഞു.

കാലുകള്‍ കഴുകുന്നതിലൂടെ കര്‍ത്താവ് നമ്മോടുള്ള അതിരുകളില്ലാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്നു - പാപ്പാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ സാഹചര്യങ്ങളും ബലഹീനതകളും എന്തുതന്നെയായാലും അവിടുന്ന് ഒരിക്കലും നമ്മെ കൈവിടുന്നില്ല.

യുവാക്കള്‍ മരപ്പണി പരിശീലനത്തിനിടെ നിര്‍മിച്ച കുരിശും ബിസ്‌കറ്റും പാസ്തയും പാപ്പയ്ക്ക് സമ്മാനമായി നല്‍കി. ഇറ്റാലിയന്‍ പാരമ്പര്യമായ കാസല്‍ ഡെല്‍ മര്‍മോ ജപമാലകളും ചോക്കലേറ്റും ഈസ്റ്റര്‍ മുട്ടകളും മാര്‍പ്പാപ്പ അവര്‍ക്ക് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.