കൊല്ലം: കേരളം ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബിജെപിയിൽ എത്തിക്കാനാണ് പരിപാടി. ഇതിനായി കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
പട്ടികയിലുള്ളവരുമായി ആശയ വിനിമയം നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. അതത് സംസ്ഥാന നേതൃത്വങ്ങളെപ്പോലും അറിയിക്കാതെയാണ് ചർച്ചകൾ. മറ്റു പാർട്ടികളിൽ നിന്ന് എത്തുന്നവരെ ഉൾക്കൊള്ളാനും ഒപ്പം നിർത്താനും വിശാലമനസ് കാണിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം കേരള നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
പാർട്ടിമാറി എത്തുന്നവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കരുത്. പരസ്യ വിമർശനം പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഇതിനോടകം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. 12 ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ഈ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് നൽകും.
പാർട്ടികൾ പലത് മാറി ബിജെപിയിലെത്തിയ സമയത്ത് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ സംസ്ഥാന കോർ കമ്മിറ്റിയിൽപ്പോലും എതിർപ്പുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലുള്ള പ്രമുഖ നേതാവ് തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെത്തി മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കളെ കണ്ടാണ് വിമർശനങ്ങൾ അവസാനിപ്പിച്ചത്.
പ്രധാനപ്പെട്ട നേതാക്കളെ യാണ് ബിജെപി ലക്ഷ്യം വക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ അനിൽ ആന്റിണിയെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ എന്ന നിലയിലും ന്യൂനപക്ഷ സമുദായാംഗം എന്ന നിലയിലും ഡൽഹിയിൽ പ്രയോജനപ്പെടുമെന്നതാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയപ്പോഴും ഇതേ നിലപാടാണ് ദേശീയനേതൃത്വം സ്വീകരിച്ചത്. ഇപ്പോൾ മാസത്തിൽ 10 ദിവസം ബിജെപി ദേശീയ ഓഫീസ് കേന്ദ്രമാക്കിയാണ് അബ്ദുള്ളക്കുട്ടി പ്രവർത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.