പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ക്വട്ടേഷന്‍; യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍ കാമുകി ലക്ഷ്മിപ്രിയ അറസ്റ്റില്‍

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ക്വട്ടേഷന്‍; യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍ കാമുകി ലക്ഷ്മിപ്രിയ അറസ്റ്റില്‍

തിരുവനന്തപുരം: പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച വര്‍ക്കല അയിരൂര്‍ സ്വദേശിയായ മുന്‍ കാമുകനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റില്‍. തിരുവനന്തപുരം നഗരത്തില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റിലായത്. എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിലൊരാള്‍ ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനാണ്. എട്ടാംപ്രതി എറണാകുളം സ്വദേശി അമലിനെ (24) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈമാസം അഞ്ചിനായിരുന്നു സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ ലക്ഷ്മിപ്രിയയുമായി മര്‍ദ്ദനമേറ്റ യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍, കൊച്ചിയില്‍ പഠിക്കാന്‍ പോയ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ശ്രമിച്ചു. യുവാവ് അതിന് തയാറായില്ല. തുടര്‍ന്ന് ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ലക്ഷ്മിപ്രിയയും കൂട്ടാളിയും യുവാവിനെ തന്ത്രപൂര്‍വം കാറില്‍ കയറ്റിക്കൊണ്ടുപോയി. കുറച്ചു ദൂരം പോയശേഷം മറ്റ് രണ്ട് പേര്‍ കൂടി കയറി. തുടര്‍ന്ന് യുവാവിനെ കാറിലിട്ട് മര്‍ദ്ദിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആലപ്പുഴയെത്തിയപ്പോള്‍ യുവാവിന്റെ മാലയും മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങി. 3500 രൂപ ജി പേ വഴിയും കൈക്കലാക്കി. തുടര്‍ന്ന് വീണ്ടും മര്‍ദിച്ചു. എറണാകുളം ബൈപ്പാസിന് അടുത്തുള്ള വീട്ടിലെത്തിച്ച യുവാവിനെ അവിടെ നാവില്‍ ഷോക്ക് ഏല്‍പ്പിക്കാനും സംഘം ശ്രമിച്ചു.

ബിയര്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ലഹരി വസ്തുക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ച് യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. മര്‍ദന ദൃശ്യങ്ങള്‍ മൊബൈലിലും പകര്‍ത്തി. അഞ്ച്‌ലക്ഷം രൂപ നല്‍കുകയും ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

അടുത്ത ദിവസം രാവിലെ യുവാവിനെ വൈറ്റില ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസെത്തി കൊച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി. അവര്‍ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അയിരൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.