'പയ്യോളി എക്‌സ്പ്രസ്' ഇനി ഡോ. പി.ടി ഉഷ; കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

'പയ്യോളി എക്‌സ്പ്രസ്' ഇനി ഡോ. പി.ടി ഉഷ; കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

കാസര്‍കോട്: പ്രശസ്ത ഇന്ത്യന്‍ അത്‌ലറ്റും പരിശീലകയുമായ ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. പെരിയ കാമ്പസിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എച്ച് വെങ്കിടേശ്വരലുവാണ് ഉഷയ്ക്ക് ബിരുദം സമ്മാനിച്ചത്. ഇതോടെ

പയ്യോളി എക്‌സ്പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ ഇനി ഡോ. പി.ടി ഉഷ എന്നറിയപ്പെടും.
സര്‍വകലാശാലയുടെ അഭിമാന പദവി നേടുന്ന ആദ്യത്തെ വ്യക്തിയാണ് ഡോ. പി.ടി ഉഷ.

ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്നും യുവാക്കള്‍ക്ക് മാതൃകയാണെന്നും വൈസ് ചാന്‍സലര്‍ വെങ്കിടേശ്വരലു പറഞ്ഞു. അതാത് മേഖലകളില്‍ പ്രചോദിപ്പിക്കുകയും സംഭാവന ചെയ്യുകയും ചെയ്ത വിശിഷ്ട വ്യക്തികളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സര്‍വകലാശാലയുടെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1984-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ സെക്കന്‍ഡിന്റെ നൂറിലൊന്ന് വ്യത്യാസത്തില്‍ ഒളിമ്പിക്സ് മെഡല്‍ നഷ്ടമായതിന്റെ ഹൃദയഭേദകമായ അനുഭവം ഉഷ തന്റെ പ്രസംഗത്തില്‍ വിവരിച്ചു. കായിക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ എയ്സ് അത്ലറ്റ് വിശദീകരിച്ചു.

അത്ലറ്റിക് കരിയറില്‍ നൂറിലേറെ ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഉഷയ്ക്ക് തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.

ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ്, 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ തുടങ്ങി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങളാണ് ഉഷ സമ്മാനിച്ചത്.

കൂടാതെ തന്റെ വിദ്യാലയത്തിലൂടെ 79 അന്താരാഷ്ട്ര മെഡലുകളും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. ഇപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രഡിസഡന്റും രാജ്യസഭാംഗവുമാണ് പി.ടി ഉഷ.

അര്‍ജുന, പദ്മശ്രീ ബഹുമതികളും നേടിയിട്ടുണ്ട്. നേരത്തെ കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബിരുദം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.