സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ്

സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ്

കൊച്ചി: സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എക്‌സൈസ് പിടികൂടിയ കെമിക്കല്‍ മയക്കുമരുന്നുകളുടെ അളവിലും എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് എക്‌സൈസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

അതേസമയം കഞ്ചാവിന്റെ ഉപയോഗം കുറയുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2022 ല്‍ സംസ്ഥാനത്ത് നിന്ന് എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം 6,610 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്.

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ല്‍ 7,775.42 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തപ്പോള്‍ 2021 ല്‍ അത് 6130.5 ഗ്രാമായിരുന്നു.

2021 ല്‍ 88.806 ഗ്രാം മെത്താംഫെറ്റാമൈന്‍ കണ്ടെടുത്തപ്പോള്‍ 2022 ല്‍ 2,432.483 ഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. 2021 ല്‍ 3.657 ഗ്രാം എല്‍എസ്ഡിയും 18.187 ഗ്രാം ഹെറോയിനും പിടിച്ചെടുത്തപ്പോള്‍ 2022 ല്‍ 42.783 ഗ്രാം എല്‍എസ്ഡിയും 447.786 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവിന്റെ ഉപയോഗത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ കാണാം. 2021 ല്‍ 5,602.6 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തപ്പോള്‍ 2022-ല്‍ ഇത് 3,602.312 കിലോഗ്രാമായി കുറഞ്ഞു. കേരളത്തില്‍ എംഡിഎംഎ പിടിച്ചെടുക്കുന്നത് പതിവായി മാറി. എന്നാല്‍ ഇതിന്റെ നിര്‍മ്മാണത്തെ പറ്റിയുളള വിവരങ്ങളൊന്നും ലഭിച്ചില്ല. ഈ മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും വിദേശത്തു നിന്നാണ് വരുന്നതെന്നാണ് വിവരം.

ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ വിദേശത്ത് നിന്നും ശേഖരിച്ച് കേരളത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.