ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ കർണാടക ബിജെപിയിൽ തമ്മിലടി രൂക്ഷമായി. സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇതുമൂലം ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാൻ ബിജെപിക്കായില്ല.
80 കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്താൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തോൽവി സാധ്യതയാണ് ഒഴിവാക്കാൻ കാരണമെങ്കിൽ അത് ഏത് സർവേയുടെ അടിസ്ഥാനത്തിലാണെന്ന് ഷെട്ടാർ ചോദിച്ചു.
സമാനമായ രീതിയിൽ മാറി നിൽക്കാൻ നിർദേശിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വമേധയാ വിരമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കത്തെഴുതി. ശിവമൊഗ എംഎൽഎയായ ഈശ്വരപ്പയ്ക്ക് ഇത്തവണ അതേ സീറ്റ് കിട്ടില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. മകൻ കെ.ഇ. കാന്തേഷിന് ശിവമൊഗ സീറ്റ് നൽകണമെന്ന ഈശ്വരപ്പയുടെ ആവശ്യവും കേന്ദ്രനേതൃത്വം തള്ളിയതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
സീറ്റില്ലെങ്കിൽ പല എംഎൽഎമാരും കൂറ് മാറി കോൺഗ്രസിലെത്തുകയോ സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്യുമെന്ന ആശങ്ക ബിജെപിക്കുണ്ട്. ബിജെപി വോട്ട് ബാങ്കിൽ വിള്ളലുണ്ടായാൽ തുടർ ഭരണം ഉണ്ടായേക്കില്ലെന്നും ബിജെപി കരുതുന്നു.
അതേസമയം കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്നതിൽ നേതൃത്വത്തോട് പൊട്ടിത്തെറിച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹമുണ്ട്. ബിജെപി പട്ടിക വന്നാൽ സീറ്റ് കിട്ടാത്തതിൽ അതൃപ്തർ കൂറ് മാറി കോൺഗ്രസിലെത്തുമെന്നത് ഉറപ്പാണ്.
ഇത് മുന്നിൽ കണ്ട് ബാക്കിയുള്ള 58 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പട്ടിക വന്ന ശേഷം പ്രഖ്യാപിക്കാനിരിക്കുകയാണ് കോൺഗ്രസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.